പൊലീസ് എയ്ഡ് പോസ്റ്റുകൾക്കും രക്ഷയില്ല സാർ
text_fieldsകോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ്
കോട്ടയം: നഗരത്തിലെ വിവിധ ഇടങ്ങളിൽ ജനങ്ങളുടെ സുരക്ഷക്കായി സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റുകൾ പരാധീനതകളുടെ നടുവിൽ. അവിടെ ജോലിക്ക് നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ കാര്യമായ സേവനമൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
നഗരത്തിലെ നാല് പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച എയ്ഡ് പോസ്റ്റുകളുടെയും അവസ്ഥ വ്യത്യസ്തമല്ല. തിരുനക്കരയിലുള്ളത് മാത്രമാണ് അൽപം ഭേദം. നാഗമ്പടം ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ പോസ്റ്റുകൾക്ക് പറയാൻ പരാധീനതകളുടെ കഥകൾ മാത്രം. ഇവിടങ്ങളിൽ ജോലി നോക്കുന്ന പൊലീസുകാരും ദുരിതത്തിലാണ്.
ജില്ലാ ആശുപത്രി
ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിലായിരുന്നു ആദ്യം എയ്ഡ് പോസ്റ്റ്. കനത്ത മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങിയതോടെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിന് തൊട്ടടുത്ത് ഒരു മുറി പൊലീസിന് അനുവദിച്ചു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോലും ഇവിടെ സൗകര്യമില്ല. ആശുപത്രിക്ക് വേണ്ടി പണിയുന്ന ബഹുനില കെട്ടിടത്തിൽ സൗകര്യങ്ങളുള്ള എയ്ഡ് പോസ്റ്റ് ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. അതെന്ന് യാഥാർഥ്യമാകുമെന്ന് കാത്തിരുന്ന് കാണണം.
നാഗമ്പടം ബസ് സ്റ്റാൻഡ്
നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിൽ സ്പോൺസർമാർ പണിത് നൽകിയ മുറിയിലാണ് പൊലീസിന്റെ ഇരിപ്പിടം. ഒറ്റ മഴയിൽ തന്നെ പരിസരം ചെളിക്കുണ്ടാകും. ബസ്സ്റ്റാൻഡിന് സമീപം ജീപ്പ് പാർക്ക് ചെയ്ത് അതിൽ ഇരിക്കേണ്ട ഗതികേടിലാണ് പലപ്പോഴും പൊലീസുകാർ.
തിരുനക്കര
തിരുനക്കരയിലെ എയ്ഡ് പോസ്റ്റാണ് അൽപം ആശ്വാസം. കെട്ടിടം സ്പോൺസർമാർ പണിത് നൽകിയതിനാൽ അത്യാവശ്യ സൗകര്യമുണ്ട്. ഇപ്പോൾ ഒരാൾക്കാണ് ഡ്യൂട്ടി. തിരുനക്കര സ്റ്റാൻഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇപ്പോൾ ഡ്യൂട്ടി തിരക്കുകൾ കുറവാണ്. ഇവിടെ കൂടുതൽ പൊലീസുകാരെ നിയോഗിക്കേണ്ടി വന്നാൽ വേണ്ട സൗകര്യമില്ല. പുതിയ കെട്ടിടം വരുന്നതോടെ സൗകര്യങ്ങളുമുള്ള കെട്ടിടം എയ്ഡ് പോസ്റ്റിനു നൽകണമെന്നു ട്രാഫിക് പൊലീസ് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നടക്കുമോയെന്ന് കാത്തിരുന്ന് കാണണം.
കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ എയ്ഡ് പോസ്റ്റിന്റെയും സ്ഥിതി സമാനം തന്നെ. ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയും. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലിക്കുള്ളത്. രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് സ്റ്റാൻഡും സമീപ പ്രദേശങ്ങളും. ഇത്തരക്കാരെ പിടികൂടിയാൽ എയ്ഡ്പോസ്റ്റിലെത്തിച്ച് വിവരങ്ങൾ അന്വേഷിക്കാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

