പോള വാരൽ യന്ത്രം കട്ടപ്പുറത്ത്; ജലഗതാഗതം പോളക്കുരുക്കിൽ
text_fieldsകോട്ടയം: കൊടൂരാറ്റിലടക്കം പോള നിറഞ്ഞ് ജലഗതാഗതം പ്രതിസന്ധി നേരിടുമ്പോഴും ജില്ലപഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ പോളവാരൽ യന്ത്രം കട്ടപ്പുറത്തുതന്നെ.
2018 ൽ സഖറിയാസ് കുതിരവേലി അധ്യക്ഷനായിരുന്നപ്പോഴാണ് ജില്ലപഞ്ചായത്ത് 48 ലക്ഷം രൂപ മുടക്കി തദ്ദേശീയമായി യന്ത്രം നിർമ്മിച്ചത്. ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ളതായിരുന്നു യന്ത്രം. ഇതിലൂടെ ജില്ലയിലെ പോളശല്യത്തിന് ശാശ്വതപരിഹാരം കാണാനാവുമെന്നാണ് കരുതിയിരുന്നത്.
എന്നാൽ കോടിമതയിൽ ഉദ്ഘാടനം നടത്തിയശേഷം കുറച്ചുനാൾ മാത്രമാണ് യന്ത്രം പ്രവർത്തിപ്പിക്കാനായത്. കുമരകത്ത് വെച്ച് തകരാറിലായ യന്ത്രം ഏറെക്കാലം വെള്ളത്തിൽ തന്നെ കിടന്ന് തുരുമ്പെടുത്തു. അടുത്തിടെ ഇത് കരക്കുകയറ്റി കോടിമതയിൽ എത്തിച്ചെങ്കിലും നന്നാക്കാനായിട്ടില്ല. അറ്റകുറ്റപ്പണി നടത്തിയിട്ടും ശരിയായില്ലെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ജെ.സി.ബി ഉപയോഗിച്ചും തൊഴിലുറപ്പുതൊഴിലാളികളെ കൊണ്ടുമാണ് പോള വാരിയിരുന്നത്. എന്നാൽ, ഇതിനു കാലതാമസമുണ്ടാകും. നിലവിൽ കലക്ടർ മുൻൈകയെടുത്ത് രൂപകൽപന ചെയ്ത ‘ഈസി കലക്ട്’ എന്ന പോളവാരൽ ഉപകരണം മാത്രമാണ് ഉള്ളത്. ജില്ല ഭരണകൂടവും ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി നടത്തിയ ചർച്ചയിലാണ് എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പോളവാരൽ ഉപകരണം സാധ്യമായത്. കൃഷി വിജ്ഞാനകേന്ദ്രത്തിലുള്ള ഈ ഉപകരണം കൊണ്ട്ആറുമീറ്റർ വരെ വീതിയുള്ള തോടുകളിൽ നിന്ന് പോള നീക്കാനേ പറ്റൂ. വലിയ തോതിൽ പോള മാറ്റണമെങ്കിൽ യന്ത്രം തന്നെ വരണം.
തിങ്കളാഴ്ച ഒറ്റ സർവിസ് മാത്രം
കോട്ടയം: കോടിമത ബോട്ടുജെട്ടിയിൽ പോള നിറഞ്ഞിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ജെട്ടിയിൽനിന്ന് ബോട്ട് പുറപ്പെടാനോ അടുപ്പിക്കാനോ പറ്റാത്ത അവസ്ഥയാണ്. തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും പോളശല്യത്തിന് പരിഹാരമായില്ല. തിങ്കളാഴ്ച 11.30 നുള്ള ബോട്ട് മാത്രമാണ് ആലപ്പുഴക്കു സർവിസ് നടത്തിയത്. മറ്റു ബോട്ടുകൾ കോടിമതയിൽ വരാതെ കാഞ്ഞിരത്തോ വെട്ടിക്കാട്ടോ സർവിസ് അവസാനിപ്പിക്കും. ദിവസേന കോടിമതയിൽനിന്ന് ആലപ്പുഴയിലേക്ക് അഞ്ചു സർവിസും തിരിച്ച് കോട്ടയത്തേക്ക് അഞ്ചുസർവിസുമാണുള്ളത്. നഗരസഭയെയും തിരുവാർപ്പ് പഞ്ചായത്തിനെയും ഇറിഗേഷൻ വിഭാഗത്തിനെയും അറിയിച്ചിട്ടും നടപടിയായിട്ടില്ല. പോളശല്യം മൂലം ബോട്ടുസർവിസ് മുടങ്ങിയത് വിനോദസഞ്ചാര മേഖലയേയും കർഷകരെയുമാണ് ഏറെ ബാധിച്ചത്. കുമരകം കോണത്താറ്റ് പാലം അടച്ചിട്ടതിനാൽ നിരവധി യാത്രക്കാരാണ് ആലപ്പുഴക്ക് പോകാൻ ബോട്ടിനെ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

