പ്ലസ് ടു: കോട്ടയം ജില്ലയിൽ വിജയം 78.53 %; വിജയ ശതമാനത്തിൽ ഇടിവ്
text_fieldsകോട്ടയം: പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 78.53 ശതമാനം വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയികളുടെ എണ്ണം 4.01 ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം 82.54 ശതമാനം പേരായിരുന്നു വിജയകടമ്പ താണ്ടിയതെങ്കിൽ ഇത്തവണ ഇത് 78.53 ശതമാനമായിട്ടാണ് കുറഞ്ഞത്. 131 സ്കൂളിലായി മൊത്തം19860 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 15597 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 2283 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ടെക്നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 50 ശതമാനമാണ് വിജയം. ആകെ 114 പേർ പരീക്ഷയെഴുതിയതിൽ 58 പേർ തുടർപഠനത്തിന് യോഗ്യത നേടി. ഒരാൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ഓപ്പൺ സ്കൂളിൽ 56 ശതമാനമാണ് വിജയം. ആകെ 225 പേർ പരീക്ഷയെഴുതിയതിൽ 128 പേർ വിജയിച്ചു. അഞ്ച് പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. ജില്ലയിലെ ആറ് സ്കൂളുകൾ നൂറുശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞവർഷം ഇത് ഏഴായിരുന്നു. എട്ടുപേർ മുഴുവൻ മാർക്കെന്ന അഭിമാനനേട്ടവും സ്വന്തമാക്കി.

