ഒരിക്കൽ തെളിനീരൊഴുകിയിരുന്നിടം; ഇന്നൊഴുകുന്നത് പ്ലാസ്റ്റിക് കൂമ്പാരം; കോട്ടയത്തെ നദികളുടെ ദുരവസ്ഥ
text_fieldsമാലിന്യം നിറഞ്ഞ മീനച്ചിലാറ്റിൽ കുളിക്കുന്നയാൾ. താഴത്തങ്ങാടിയിൽ നിന്നുള്ള ദൃശ്യം.
കോട്ടയം: പണ്ടൊക്കെ കാലവർഷത്തിൽ കിഴക്കൻ വെള്ളം ആർത്തലച്ചെത്തുമ്പോൾ മരങ്ങളും മരക്കൊമ്പുകളും പായലുമൊക്കെയായിരുന്നു ഒഴുകിയെത്തിയിരുന്നത്. പക്ഷേ, കുറേ കാലമായി ആ കാഴ്ച മറഞ്ഞിട്ട്. പകരം, കുത്തിയൊലിച്ചെത്തുന്നത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. ബോട്ടിലുകളും കവറുകളും വീട്ടുപകരണങ്ങളും കളിപ്പാട്ടങ്ങളുടെ ബാക്കിയും സാനിറ്ററി നാപ്കിനുകളും വരെ മലപോലെ ഒഴുകിയെത്തുന്നു. പാലത്തിന്റെ തൂണുകളിലും മരക്കൊമ്പുകളിലും തടഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് ഭീകരമായ കാഴ്ചയാണ്.
മീനച്ചിലാറും മണിമലയാറും അടക്കമുള്ള നദികളിലൂടെ ഓരോ മഴക്കാലത്തും ഒഴുകിയെത്തുന്നത് ടൺ കണക്കിന് മാലിന്യങ്ങളാണ്. ഇതിൽ 90 ശതമാനവും മണ്ണിലും വെള്ളത്തിലും അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്കുകൾ. ഇടവേള കഴിഞ്ഞ് വീണ്ടും മഴ പെയ്യുമ്പോൾ നേരത്തെ ഒഴുകിപ്പോയ അത്ര തന്നെ മാലിന്യങ്ങൾ വീണ്ടും ഒഴുകിയെത്തും. എല്ലാം ചെന്നടിയുന്നത് വേമ്പനാട്ട് കായലിൽ. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം ചെന്നടിഞ്ഞ് ജലസംഭരണ ശേഷി നാലിലൊന്നായി കുറഞ്ഞ വേമ്പനാട്ട് കായലിലെ ചെളി നീക്കം ചെയ്യാൻ 1850 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധ പഠനസംഘത്തിന്റെ കണ്ടെത്തൽ.
എല്ലാം തള്ളാനൊരു പുഴ
വീടിനരികിലൂടെയോ മാർക്കറ്റുകൾക്ക് ഓരം ചേർന്നോ പുഴ ഒഴുകുന്നുണ്ടെങ്കിൽ അത് മാലിന്യം തള്ളാനുള്ള ‘കനാൽ’ മാത്രമാണെന്നാണ് ആളുകളുടെ വിചാരം. കിഴക്കൻ മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് ഓരോ ചെറുപട്ടണവും കടന്നു വരുമ്പോൾ പുഴ മാലിന്യത്തൊട്ടിലായി മാറുന്നു. ഒടുവിൽ വേമ്പനാട്ടുകായലിൽ എത്തുമ്പോൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകരാറിലാക്കുന്നവിധം മാലിന്യം കൂമ്പാരമാകുന്നു. ഇതിനു പുറമെയാണ് വീടുകളിൽനിന്നും മാർക്കറ്റുകളിൽ നിന്നും പുഴയിലേക്ക് മലിനജലം തുറന്നുവിടുന്നത്. അറവുശാല മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വരെ പുഴകളിലേക്ക് തുറന്നുവിടുകയാണ്. മീനച്ചിൽ, മണിമല, പമ്പ തുടങ്ങിയ നദികളിൽ ഇ കോളി ബാക്ടീരിയയുടെ അളവ് അപകടകരമായ നിലയിലാണെന്ന് വിദഗ്ധർ പറയുന്നു.
ഹരിതകർമ സേനക്കാർ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണശാലകളിലേക്ക് മാറ്റുന്നത് പലയിടങ്ങളിലും വിജയകരമായി നടന്നുവരുന്നുണ്ട്. എന്നാൽ, ഇവർക്ക് നൽകേണ്ട തുച്ഛ സംഖ്യ ലാഭിക്കാൻ എളുപ്പവഴിയായി മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുകയാണ് പലരും. തദ്ദേശസ്ഥാപനങ്ങൾ കർശന നടപടി സ്വീകരിച്ചാൽ പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

