മൊബൈൽ മോഷ്ടാക്കളെ കൈയോടെ പിടികൂടി പിങ്ക് പൊലീസ്
text_fieldsകോട്ടയം: അസം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ പിങ്ക് പൊലീസ്.
പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്, പുതുപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ സാജൻ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ കോട്ടയത്തെ തിരുനക്കര പഴയ ബസ്സ്റ്റാൻഡിലാണ് സംഭവം. തിരുനക്കര മൈതാനത്ത് കിടന്നുറങ്ങുകയായിരുന്ന 19കാരനായ അസം സ്വദേശി ഹബീബ് റഹ്മാെൻറ മൊബൈലാണ് മോഷണം പോയത്.
മൊബൈലുമായി ഒരാൾ ഓടിപ്പോകുന്നത് കണ്ട ഹബീബ് ഉടൻ സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസുകാരെ വിവരം അറിയിച്ചു. ഇവരോടൊപ്പം തിരുനക്കര ബസ്സ്സറ്റാൻഡിനുള്ളിൽ എത്തിയപ്പോൾ ഫോൺ മോഷ്ടിച്ച മോബിനെ തിരിച്ചറിഞ്ഞ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ഇവർ ചേർന്ന് ഉടൻ പ്രതിയെ പിടികൂടി. ഇതിനോടകം മോബിൻ ഫോൺ സാജന് കൈമാറുകയും ഇയാൾ കടന്നുകളയുകയും ചെയ്തിരുന്നു. മോബിനെ സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് സാജനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബേബി മോൾ, ടാനിയ, കൻസി എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.

