തീർഥാടക തിരക്ക്: പാലാ-പൊൻകുന്നം റോഡിൽ ഗതാഗതക്കുരുക്ക്
text_fieldsപൊൻകുന്നം: ക്രിസ്മസ് ദിനത്തിൽ പാലാ-പൊൻകുന്നം റോഡിൽ കുരുങ്ങി ശബരിമല തീർഥാടകർ. പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിലെ തിരക്കുമൂലം തീർഥാടകരുടെ വാഹനങ്ങൾ പാലാ-പൊൻകുന്നം റോഡിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് തടഞ്ഞു. ഇതാണ് കുരുക്കിന് കാരണമായത്. തിങ്കളാഴ്ച പുലർച്ച മുതൽ പാലാ മുതൽ വാഹനങ്ങളുടെ നിരയായിരുന്നു. ഗതാഗതം പാടെ സ്തംഭിച്ച നിലയിലായി പി.പി റോഡ്. ബസുകളും മറ്റ് വാഹനങ്ങളും ഓടാനാകാത്ത വിധം ഗതാഗതക്കുരുക്കായി. പാലാ മുതൽ പൂവരണിവരെയും എലിക്കുളം മുതൽ കൊപ്രാക്കളംവരെയും റോഡിൽ നിർത്തിയിട്ടു. രണ്ടും മൂന്നും വരിയായി ബസുകളും ചെറുവാഹനങ്ങളും റോഡിൽ നിരന്നതോടെ ഉച്ചവരെ ഗതാഗതം പൂർണമായി സ്തംഭിച്ചു. അഞ്ചുമണിക്കൂറിലേറെ വഴിയിൽ കാത്തുകിടക്കേണ്ടി വന്ന തീർഥാടകർ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. പൂവരണി, ഇളങ്ങുളം ക്ഷേത്രമൈതാനങ്ങളിലാണ് ആദ്യം വാഹനങ്ങൾ പിടിച്ചിട്ടത്. അതിന് ശേഷമെത്തിയ വാഹനങ്ങളാണ് റോഡിൽ നിർത്തിയിടേണ്ടി വന്നത്. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ തീർഥാടകർ പിന്നീട് റോഡിൽ കുതിയിരുന്നു. ഇതോടെ പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് വാഹനങ്ങളെ കടത്തിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

