ഒരു തീർഥാടന കാലംകൂടി; തീർഥാടക വിശ്രമകേന്ദ്രം പണിതിട്ട് പത്താണ്ട്, ഇനിയും തുറക്കാതെ അധികൃതർ
text_fieldsകാടുകയറിയ തീർഥാടക വിശ്രമകേന്ദ്രം
കോരുത്തോട്: ലക്ഷങ്ങൾ മുടക്കി ശബരിമല തീർഥാടകർക്കായി വിശ്രമകേന്ദ്രം നിർമിച്ചു പത്തുവർഷം പിന്നിട്ടിട്ടും പ്രയോജനകരമായില്ല. പരമ്പരാഗത കാനന പാതയിലൂടെ യാത്രചെയ്യുന്ന അയ്യപ്പഭക്തർ കടന്നുപോകുന്ന ഈ വഴിയിൽ സ്വകാര്യ ഇടത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീർഥാടകർ. തടസ്സങ്ങൾ മാറ്റി കെട്ടിടം തീർഥാടകർക്കായി തുറന്നുകൊടുക്കാൻ ഇക്കുറിയും നടപടി ഉണ്ടാകില്ലെന്നാണ് സൂചന.
അനാസ്ഥയുടെ കാട് പടർന്ന്
പഞ്ചായത്ത് പരിധിയിൽ ജങ്ഷന് സമീപം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് അയ്യപ്പഭക്തർക്കായി ഇടത്താവളം നിർമിച്ചത്.
ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 12.5 ലക്ഷവും പഞ്ചായത്തിന്റെ 2.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് രണ്ട് ഹാളും നാല് ബാത്ത് റൂമുകളുമുള്ള വിശ്രമകേന്ദ്രം നിർമിച്ചത്. ടൗണിൽനിന്ന് 500 മീറ്റർ ഉള്ളിലായി അഴുതയാറിന്റെ തീരത്ത് നിർമിച്ച കെട്ടിടം ഇപ്പോൾ കാടുമൂടി നാശത്തിന്‍റെ വക്കിലാണ്. ബാത്ത് റൂം ഉപകരണങ്ങൾ നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളും ചീട്ടുകളിസംഘങ്ങളും ഇവിടം ഇവരുടെ കേന്ദ്രക്കി.
എന്തെങ്കിലുമൊന്നു ചെയ്യൂ...
കോരുത്തോട് പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കാനാണ് 2005ൽ സ്ഥലം വാങ്ങിയത്. പക്ഷേ, ഇതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണവും നേരിട്ടിരുന്നു. ഇവിടേക്കുള്ള പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നൽകി ഒമ്പത് സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഇതിനിടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീർഥാടക വിശ്രമകേന്ദ്രം പദ്ധതി ഇതേ സ്ഥലത്ത് നിർമിക്കാൻ അന്നത്തെ യു.ഡി.എഫ് ഭരണസമിതി തീരുമാനിച്ചത്. ഒടുവിൽ ബസ് സ്റ്റാൻഡുമില്ല തീർഥാടക വിശ്രമകേന്ദ്രവും ഇല്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിരുന്നു. അധികൃതർ തമ്മിലുള്ള രാഷ്ട്രീയ വടംവലി ഉപേക്ഷിച്ച് ഇക്കുറിയെങ്കിലും കെട്ടിടം വൃത്തിയാക്കി തീർഥാടകർക്ക് പ്രയോജനകരമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉമടസ്ഥാവകാശം ആരുടേത്? അധികൃതർക്കും അറിയില്ല
2015 സെപ്റ്റംബർ 24നാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിർമാണം പൂർത്തിയാക്കി കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകി എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാൽ, ഇത് തെറ്റാണെന്നും കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. കെട്ടിട നിർമാണത്തിൽ അഴിമതിയുണ്ടെന്നും എൽ.ഡി.എഫ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

