പെൻഷൻ ഫണ്ട് തട്ടിപ്പ്; സെക്രട്ടറിമാരടക്കം 27 പേരെ വിളിപ്പിച്ച് പ്രിൻസിപ്പൽ ഡയറക്ടർ
text_fieldsകോട്ടയം: നഗരസഭയിലെ മുൻക്ലർക്ക് അഖിൽ സി. വർഗീസ് പെൻഷൻ ഫണ്ടിൽനിന്ന് 2.40 കോടി രൂപ തട്ടിച്ച കേസിൽ സെക്രട്ടറിയും മുൻസെക്രട്ടറിമാരും ചുമതല വഹിച്ചവരും വിരമിച്ച പി.എമാരും സൂപ്രണ്ടുമാരും അടക്കം 27 ഉദ്യോഗസ്ഥരെ വിളിപ്പിച്ച് പ്രിൻസിപ്പൽ ഡയറക്ടർ.
നിലവിലെ സെക്രട്ടറി ബി. അനിൽകുമാർ, മുൻ സെക്രട്ടറിമാരായ എസ്. ബിജു, ഡി. ജയകുമാർ, എസ്.എസ്. സജി, നിലവിലെ സെക്രട്ടറിയുടെ പി.എ സസ്പെൻഷനിലുള്ള ഫില്ലിസ് ഫെലിക്സ്, മുൻ പി.എമാരായ എം.എൽ. രശ്മി, വിരമിച്ച ഇ.ടി. സുരേഷ്കുമാർ, സെക്രട്ടറി ഇൻ ചാർജ് വഹിച്ചിരുന്ന അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ ആർ. രാജീവ്, ഇ.ആർ. ബിജിമോൾ, വിരമിച്ച അനില അന്ന വർഗീസ് എന്നീ 11 പേരോട് 21ന് രാവിലെ 11.30ന് അഡീഷനൽ ഡയറക്ടർ (വിജിലൻസ്) ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സൂപ്രണ്ട് ബോബി ചോക്കോ, മുൻ സൂപ്രണ്ടുമാരായ പി. വിദ്യ, എസ്.കെ. ശ്യാം, എ. ചന്ദ്രബാബു, പി.എസ്. ശ്രീകുമാർ, ആർ. രാജേഷ് എന്നിവർ 22ന് ഉച്ചക്ക് 2.30ന് ജോയന്റ് ഡയറക്ടറുടെ അടുത്താണ് ഹാജരാകേണ്ടത്. മുൻ ക്ലർക്കുമാരായ ശോഭ ആർ. ശശിധരൻ, ജെ. അനീറ്റമോൾ, മുൻ അക്കൗണ്ടന്റുമാരായ എസ്. ധന്യ, എസ്. സിജു, ജെ.എസ്. ഷീബ, കെ.എൻ. രാംശങ്കർ, എസ്. സുധീഷ്കുമാർ, സസ്പെൻഷനിലുള്ള വി.ജി. സന്തോഷ്കുമാർ, കെ.ജി. ബിന്ദു എന്നിവർ 22ന് 10.30ന് ജോയന്റ് ഡയറക്ടർക്ക് മുന്നിൽ ഹാജരാകണം.
2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിൽ ക്രമപ്രകാരമല്ലാതെ അഖിൽ സി. വർഗീസിന്റെ മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് 2.40 കോടി നൽകിയത് മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടമായാണ് കണക്കാക്കിയിട്ടുള്ളത്.
ഈ കാലയളവിൽ പെൻഷൻ സെക്ഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടമായ തുക 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ നേരിൽ കേൾക്കാനാണ് വിളിപ്പിച്ചിട്ടുള്ളത്.
അന്വേഷണക്കുറിപ്പുകൾക്ക് മുനിസിപ്പൽ സെക്രട്ടറി മറുപടി നൽകി
കോട്ടയം: പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം ആഭ്യന്തര പരിശോധനയുടെ ഭാഗമായി ആവശ്യപ്പെട്ട അന്വേഷണക്കുറിപ്പുകൾക്ക് മുനിസിപ്പൽ സെക്രട്ടറി മറുപടി നൽകി. വ്യാഴാഴ്ച അഞ്ചിനുമുമ്പ് മറുപടി നൽകാനായിരുന്നു നിർദേശം. 17 അന്വേഷണക്കുറിപ്പുകളാണ് വിവിധ ചോദ്യങ്ങളുന്നയിച്ച് നൽകിയിരുന്നത്. ഈ മാസം നാലുമുതൽ ഏഴുവരെയാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം മുനിസിപ്പാലിറ്റിയിൽ ഫയലുകൾ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

