കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു
text_fieldsപുതിയ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യസഹമന്ത്രി
വി. മുരളീധരൻ നിർവഹിക്കുന്നു
കോട്ടയം: ജില്ലയിൽ പുതിയ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്പോർട്ട് സേവനം ലഭ്യമാക്കാൻ വിദേശകാര്യമന്ത്രാലയം പ്രയത്നിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. പാസ്പോർട്ട് സേവ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് തയാറായി വരികയാണ്. സമീപഭാവിയിൽ തന്നെ ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്നും ഇതോടെ വ്യാജപാസ്പോർട്ട് പോലുള്ള വെല്ലുവിളികൾ കുറയുമെന്നും മന്ത്രി പറഞ്ഞു. തോമസ് ചാഴികാടൻ എം.പി അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻലാൽ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങൾ
ടി.ബി. റോഡിൽ പൊതുമരാമത്ത് റസ്റ്റ്ഹൗസിനു മുൻവശത്ത് രണ്ടു നിലകളിൽ 14,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ പാസ്പോർട്ട് സേവാകേന്ദ്രം. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് ഒരുക്കിയിട്ടുള്ളത്. ഒന്നാംനിലയിലാണ് പാസ്പോർട്ട് എടുക്കാൻ വരുന്നവർക്കുള്ള ക്രമീകരണങ്ങൾ. രണ്ടാംനിലയിൽ അനുബന്ധസൗകര്യങ്ങളും. വിശാലമായ ഹാൾ, രേഖകൾ പരിശോധിക്കാൻ പ്രത്യേക കൗണ്ടറുകൾ, ഹൈസ്പീഡ് ഇൻറർനെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എം.ടി.എം കൗണ്ടർ എന്നിവയും കെട്ടിടത്തിലുണ്ട്. കെ.എസ്.ആര്.ടി.സിക്കു സമീപമായതിനാൽ പൊതുജനങ്ങള്‍ക്ക് എത്തിപ്പെടാൻ എളുപ്പമുണ്ട്. പാര്‍ക്കിങ് സൗകര്യവും പുതിയ ഓഫിസിന്റെ പ്രത്യേകതയാണ്. പഴയ ഓഫിസ് നാഗമ്പടത്താണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് ബലക്ഷയം കണ്ടെത്തിയതിനെതുടർന്ന് പാസ്പോർട്ട് സേവാകേന്ദ്രം പൂട്ടിയത്. ജില്ലയിൽനിന്നുള്ള അപേക്ഷകരെ എറണാകുളം, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധമുയർന്നിരുന്നു. പുതിയ ഓഫിസ് തുറന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

