പരിപ്പ്-തൊള്ളായിരം പാലം പൊളിച്ചു
text_fieldsപരിപ്പ്- തൊള്ളായിരം പാലം പൊളിക്കുന്നു
കോട്ടയം: അയ്മനം പഞ്ചായത്തിൽ 25 വർഷമായി ആകാശം നോക്കിനിന്ന പരിപ്പ്- തൊള്ളായിരം പാലം പൊളിച്ചു. റോഡ് പുനർനിർമാണത്തിന്റെ ഭാഗമായാണ് പാലം പൊളിക്കുന്നത്. ഉയരം കൂടിയ പാലം പൊളിച്ചുമാറ്റി റോഡിനനുസൃതമായി ഉയരം കുറഞ്ഞ പാലം നിർമിക്കാനാണ് തീരുമാനം. നിലവിൽ റോഡ് മണ്ണടിച്ച് വീതി കൂട്ടൽ പുരോഗമിക്കുകയാണ്. പാലം പുനർനിർമിച്ച് റോഡ് ഉയർത്തി പൂർണമായി ഇന്റർലോക്ക് കട്ടകൾ പാകുന്നതാണ് പദ്ധതി.
കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രി വി.എൻ. വാസവൻ നിർമാണോദ്ഘാടനം നടത്തിയത്. പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പഞ്ചായത്തിന്റെ 20, ഒന്ന് വാർഡുകളിലായാണ് പാലവും റോഡുമുള്ളത്. പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തിയാക്കാൻ 7. 08 കോടി രൂപ അനുവദിച്ചത് സംസ്ഥാന സർക്കാറാണ്. റോഡിന്റെ തുടർച്ചയായി വരുന്ന മാഞ്ചിറ പാലം വീതി കൂട്ടാനും പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ഇത് കൂടി പൂർത്തിയാകുന്നതോടെ അയ്മനത്തുനിന്ന് കുമരകം വഴി ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയത്തിൽ എത്താനാകും. 2001ലാണ് റോഡ് നിർമാണം ആരംഭിച്ചത്.
അന്നത്തെ എം.പി. സുരേഷ് കുറുപ്പിന്റെ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണിതത്. പിന്നീട് സാങ്കേതിക കാരണങ്ങളാൽ പണി മുടങ്ങി. തൊള്ളായിരം വരെ റോഡ് നിർമിച്ചെങ്കിലും ടാറിങ് നടന്നില്ല. പാലം ഉയരത്തിലായതിനാൽ തടിപ്പാലമിട്ടാണ് നാട്ടുകാർ യാത്ര ചെയ്തിരുന്നത്. റോഡ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ അറുനൂറോളം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവും.
പാലത്തിന്റെ ഉയരക്കുറവ് ടൂറിസത്തിന് തടസ്സമാവും
aകോട്ടയം: ഉത്തരവാദ ടൂറിസം ഗ്രാമങ്ങളിലൊന്നായ അയ്മനത്തെ ഈ പാലത്തിനടിയിലെ തൊള്ളായിരം തോട്ടിലൂടെ നേരത്തെ പാടത്തേക്കുള്ള വള്ളങ്ങളും ടൂറിസ്റ്റുകളുടെ ഹൗസ്ബോട്ടുകളും ശിക്കാര ബോട്ടുകളുമടക്കം കടന്നുപോയിരുന്നു.
റോഡുപണി മുടങ്ങിയതിനെതുടർന്ന് നാട്ടുകാർ മുട്ട് സ്ഥാപിച്ച് തടിപ്പാലമിട്ടതോടെയാണ് ജലഗതാഗതം മുടങ്ങിയത്. ഇപ്പോൾ പാലം ഉയരം കുറച്ചുപണിയുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മീനച്ചിലാറിന്റെ കൈവഴികളിലൊന്നാണ് തൊള്ളായിരം തോട്.
ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. എന്നാൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയാൽ ഇതിന്റെ പേരിൽ, കാലങ്ങളായി മുടങ്ങിക്കിടന്ന റോഡുപണി തടസ്സപ്പെടുമോ എന്ന ആശങ്കയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

