ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്തു; എൻ.എസ്.എസ് പ്രാദേശിക നേതാവിനെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി
text_fieldsകോട്ടയം: ഇടതുസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത എൻ.എസ്.എസ് താലൂക്ക് യൂനിയൻ മുൻ പ്രസിഡന്റിനെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്നും ഒഴിവാക്കി. എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂനിയൻ പ്രസിഡന്റായിരുന്ന സി.പി. ചന്ദ്രൻ നായരെയാണ് ഡയറക്ടർ ബോർഡിൽ നിന്നും നീക്കിയതായി എൻ.എസ്.എസ് നേതൃത്വം അറിയിച്ചത്.
കഴിഞ്ഞദിവസം ഇദ്ദേഹത്തെ താലൂക്ക് യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ തന്നെ മാറ്റിയതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രൻ നായരുടെ പ്രതികരണം. അതിന് പിന്നാലെയാണ് ബുധനാഴ്ച ഇദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് മാറ്റിയെന്ന അറിയിപ്പ് വന്നത്.
എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂനിയന്റെ പ്രസിഡന്റ് സ്ഥാനം താൽക്കാലികമായി വൈസ് പ്രസിഡന്റിന് നൽകി. കഴിഞ്ഞദിവസം താലൂക്ക് യൂനിയന്റെ 13 ഭാരവാഹികളെയും ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ്. ആസ്ഥാനത്ത് വിളിച്ചുവരുത്തി രാജി വാങ്ങിക്കുകയായിരുന്നു. ഇതിൽ ചന്ദ്രൻനായർ ഒഴികെയുള്ളവരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റിക്കും രൂപം നൽകി.
ചന്ദ്രൻനായർക്കെതിരായ നടപടി എൻ.എസ്.എസിനുള്ളിൽ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. സമദൂര സിദ്ധാന്തത്തിന് വിരുദ്ധമായി പ്രവർത്തിച്ചു, പരസ്യമായി എൽ.ഡി.എഫ് അനുകൂല നിലപാടെടുത്തു എന്നീ കാര്യങ്ങളാണ് നടപടിയിലേക്ക് നയിച്ചതെന്ന് എൻ.എസ്.എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

