പാലാ ഡിപ്പോ, രണ്ട് ബസ് കിട്ടി; രണ്ട് ബസ് പോയിക്കിട്ടി
text_fieldsപാലാ: ഓണക്കാലത്ത് യാത്രാതിരക്ക് പരിഗണിച്ച് മൈസൂരിലേക്കും തിരിച്ചും സ്പെഷൽ സർവിസിനായി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭിച്ചപ്പോൾ ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് ബസുകൾ കൊട്ടാരക്കരക്കും പുനലൂരിലേക്കും കൊണ്ടുപോയി. മൈസൂരിലേക്ക് നടത്തിയിരുന്ന സ്പെഷൽ സർവിസുകൾ നിർത്തിയതിനെ തുടർന്ന് ഈ ബസുകൾ ആനക്കട്ടി, തിരുവമ്പാടി സർവിസുകൾക്കായി മാറ്റി.
പാലാ ഡിപ്പോയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സർവിസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂർ ബസുകൾ കാലപ്പഴക്കം ചെന്നവയാണ്. സർവിസ് മുടങ്ങിയ അമ്പായത്തോട്, പഞ്ചിക്കൽ, മാനന്തവാടി, തൃശൂർ സർവിസുകൾ പുനരാരംഭിക്കാനും നടപടിയില്ല. മറ്റു ഡിപ്പോകളിൽനിന്നുള്ള ബസുകൾ പാലാ ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്തിരുന്ന സർവിസുകളോടൊപ്പം അതേറൂട്ടിൽ ഒരേസമയം കടന്നുപോകുന്നത് മിക്ക സർവിസുകളെയും ബാധിച്ചിരിക്കുകയാണ്. രാവിലെ തിരുവനന്തപുരത്ത് 9.30 ഓടുകൂടി എത്തുന്ന വിധം പുലർച്ചെ മൂന്നിന് അനുവദിച്ച സർവിസ് ഇതുവരെ തുടങ്ങിയിട്ടില്ല.
പാലാ ഡിപ്പോയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പുലർച്ചെ 5.40 ന് സർവിസ് നടത്തിയിരുന്ന ടേക്ഓവർ സർവിസ് മുടക്കുന്നത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രാവിലെ വൈറ്റിലയിലേക്ക് പോകണമെങ്കിൽ മറ്റു ഡിപ്പോകളിൽ നിന്ന് ഇതുവഴി പോകുന്ന തിരക്കേറിയ ബസിൽ കയറി എറണാകുളം വരെ നിന്ന് യാത്ര ചെയ്യേണ്ട ഗതികേടിലാണ് പാലാ മേഖലയിലെ യാത്രക്കാർ.
ഏഴിന് തൃശൂർ ഭാഗത്തേക്ക് ഉണ്ടായിരുന്ന സർവിസും പകരം ക്രമീകരണം ഇല്ലാതെ നിർത്തലാക്കി. ഇതോടെ വൈകീട്ട് തൃശൂർ നിന്ന് തിരികെ ഉണ്ടായിരുന്ന സർവിസും നഷ്ടമായി. 16 ബസുകൾ സർവിസ് നടത്തിയിരുന്ന കോട്ടയം-പാലാ-തൊടുപുഴ ചെയിൻ സർവിസ് 12 എണ്ണമായി ചുരുക്കിയതും യാത്രക്കാർക്ക് വിനയായെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു. പഴയവണ്ടികളുടെ ഡിപ്പോ ആയി പാലായെ മാറ്റിയതായി അദ്ദേഹം ആരോപിച്ചു.
ഉയർന്ന വരുമാനം ലഭിക്കുന്ന ദീർഘദൂര സർവിസുകൾക്ക് പുതിയ ബസുകൾ ലഭ്യമാക്കുന്നതിന് അധികൃതർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കിയെങ്കിലും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന പാലാ ഡിപ്പോക്ക് വേണ്ട പരിഗണന ലഭിച്ചില്ല എന്നും ആക്ഷേപമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

