അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ
text_fieldsപാലായിൽ ആക്രമണത്തിൽ തകർത്ത മനുവിെൻറ കാർ
പാലാ: വാഹനം തടഞ്ഞുനിർത്തി അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലാ പൊലീസ് അറസ്റ്റ് ചെയ്ത പാലാ കാപ്പിപറമ്പിൽ സുനിൽ കുമാറിനെ റിമാൻഡ് ചെയ്തു.
പാലാ ചെമ്പിളായിൽ ഓമന മാത്യു, മനു മാത്യു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ പാലാ മാർക്കറ്റിന് സമീപമുള്ള മനുവിെൻറ വീടിന് സമീപമാണ് സംഭവം. വൈകീട്ട് അഞ്ചോടെ അമ്മയെ തിരുമ്മു ചികിത്സ കേന്ദ്രത്തിൽ എത്തിക്കുന്നതിന് വീട്ടിലേക്കെത്തിയതായിരുന്നു.
എന്നാൽ, ഗെയ്റ്റ് അടച്ച് അയൽവാസിയുടെ ബന്ധുക്കൾ വാഹനം പാർക്ക് ചെയ്തിരുന്നു. വാഹനം മാറ്റിയെങ്കിലും സംസാരം തർക്കത്തിലും വാക്കേറ്റത്തിലും കലാശിച്ചതോടെ മനു വീട്ടിലേക്ക് കയറിപ്പോയി. കുറച്ച് കഴിഞ്ഞ് മാതാവിനെയും കൂട്ടി കാറിൽ റോഡിലേക്കിറങ്ങവെ സുനിൽ സ്വന്തം വാഹനം റോഡിന് കുറുകെയിട്ട് വഴി തടയുകയും മനുവിനെ കാറിൽനിന്ന് പിടിച്ചിറക്കി മർദിക്കുകയുമായിരുന്നു.
തടസ്സം പിടിക്കാൻ ചെന്ന ഓമനയെയും മർദിച്ചു. ഇവരുടെ കൈക്ക് ഒടിവുണ്ട്. കാറിെൻറ ചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്. പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

