എതിരാളികളെ കാതങ്ങൾ പിന്തള്ളി;അത്യുന്നതങ്ങളിൽ പാലാ
text_fieldsജില്ല കായികമേളയിൽ ഓവറോൾ കിരീടം നേടിയ പാലാ വിദ്യാഭ്യാസ ജില്ല ടീം
പാലാ: വേഗവും ദൂരവും ഉയരവും താണ്ടി പുതുചരിത്രമെഴുതി പാലാ ഉപജില്ല 23ാമത് കോട്ടയം റവന്യു ജില്ല സ്കൂൾ കായിക മേളയിൽ തുടർച്ചയായ രണ്ടാം വട്ടവും ചാമ്പ്യനായി. കഴിഞ്ഞ തവണ വെറും അഞ്ച് പോയന്‍റ് വ്യത്യാസത്തിലാണ് ചാമ്പ്യനായതെങ്കിൽ എതിരാളികളെ കാതങ്ങൾ പിന്നിലാക്കിയാണ് ഇക്കുറി പാലായുടെ കുതിപ്പ്.
38 സ്വർണവും 25 വെള്ളിയും 16 വെങ്കലവുമായി 327 പോയന്‍റോടെയാണ് പാലാ ചാമ്പ്യനായത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഈരാറ്റുപേട്ടയെ പിന്നിലാക്കി കാഞ്ഞിരപ്പള്ളി 167 പോയന്‍റുമായി രണ്ടാമതെത്തി. 132 പോയന്‍റാണ് മൂന്നാം സ്ഥാനക്കാരായ ഈരാറ്റുപേട്ടയുടെ ക്രെഡിറ്റിൽ. ചങ്ങനാശ്ശേരി 56 പോയന്‍റുമായി നാലാമതും 54 പോയന്‍റുമായി ഏറ്റുമാനൂർ അഞ്ചാം സ്ഥാനവും നേടി.
170 പോയന്‍റ് നേടിയ പാലാ സെന്‍റ് തോമസ് എച്ച്.എസ്.എസാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ. പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ് 93 പോയന്‍റുമായി രണ്ടാമതായി.മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മികച്ച മാർച്ച് പാസ്റ്റിന് കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെ.എസ്.എസ്.ടി.എഫ്) ഏർപ്പെടുത്തിയ കെ.എം. മാണി മെമ്മോറിയൽ ട്രോഫി ഏറ്റുമാനൂർ ഉപജില്ലക്ക് ലഭിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ സജിമോൻ. വി.പിയെയും ഇക്കൊല്ലം സർവിസിൽ നിന്ന് വിരമിക്കുന്ന കായിക അധ്യാപകരെയും ആദരിച്ചു.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൻ ബിജി ജോജോ, എ.ഇ.ഒ സജി. കെ.ബി, ജില്ല കോഓഡിനേറ്റർ ബിജു ആന്‍റണി, ഫാ. റെജിമോൻ സ്കറിയ, ടോബിൻ കെ. അലക്സ്, വിവിധ കമ്മിറ്റി കൺവീനർമാരായ രാജ്കുമാർ, ജോബി വർഗീസ്, രാജേഷ്. എൻ.വൈ, ജിഗി. ആർ, അബ്ദുൽ ജമാൽ, സിറിയക് നരിതൂക്കിൽ, എന്നിവർ സംസാരിച്ചു. കോട്ടയം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജെ. അലക്സാണ്ടർ സ്വാഗതവും ജില്ല സെക്രട്ടറി സജിമോൻ. വി.പി കൃതജ്ഞതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

