കേരള കോൺഗ്രസിന് ഒളിയമ്പ്; അസാധാരണ പ്രമേയവുമായി പാലാ നഗരസഭ
text_fieldsപാലാ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം അസാധാരണ പ്രമേയം പാസാക്കി പാലാ നഗരസഭ. കേരള നിയമസഭയിൽ നോമിനേറ്റഡ് എം.എൽ.എമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപവത്കരിക്കണം എന്ന പ്രമേയമാണ് 14ാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കളടക്കമുള്ളവരെ നിയമനിർമാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനമൊരുക്കുവാൻ രാജ്യസഭ മോഡലിൽ നോമിനേറ്റഡ് എം.എൽ.എമാരെ ഉൾപ്പെടുത്തി കേരള നിയമസഭയിലും അപ്പർ ഹൗസ് സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇത്തരം ഒരു സംവിധാനം ഉണ്ടായാൽ ജനങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവർത്തനങ്ങളുടെയും രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കുന്ന, മഹാന്മാരായ പിതാക്കന്മാരുടെ പേരിൽ മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ചില അഭിനവ നേതാക്കന്മാർക്ക് നിയമസഭയിൽ എത്തുവാനുള്ള ഏക സാധ്യതയും ഇതു മാത്രമാണ് എന്നായിരുന്നു പ്രമേയത്തിൽ ബിനു അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങിയിട്ടും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കേരള കോൺഗ്രസ് അധ്യക്ഷനെ ഉദ്ദേശിച്ചായിരുന്നു പ്രമേയം എന്ന് വ്യക്തം. ചർച്ചയിൽ പ്രതിപക്ഷ നേതാവിന് ദുർബലമായ പ്രതിരോധം ഉയർത്താനേ കഴിഞ്ഞുള്ളൂ. അപ്രതീക്ഷിത തിരിച്ചടിയിൽ പതറിയിരിക്കുന്ന കേരള കോൺഗ്രസ് -എം അംഗങ്ങൾക്ക് ഇതിനെ നേരിടാനുള്ള കരുത്തുമില്ലായിരുന്നു.
കഴിവുകൊണ്ട് മാത്രമല്ല ഭാഗ്യംകൊണ്ടുകൂടിയാണ് പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് എന്നും നഗരസഭ ചെയർപേഴ്സൻതന്നെ അതിനുദാഹരണമാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. നിർദേശത്തെ കുറെയൊക്കെ സ്വാഗതം ചെയ്യാമെങ്കിലും അന്തസ്സത്ത ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇത് നിയമമായി പാസാക്കണമെങ്കിൽ കേന്ദ്രസർക്കാരിൽ ഭൂരിപക്ഷം വേണമെന്ന് അദ്ദേഹം തിരിച്ചടിയും നൽകി.കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ പ്രമേയത്തെ സ്വാഗതം ചെയ്തതിനെ തുടർന്നായിരുന്നു കേന്ദ്രത്തിൽ കോൺഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പ്. നഗരസഭ കൗൺസിലിൽ സ്വതന്ത്ര കൂട്ടായ്മക്ക് ഭൂരിപക്ഷ പിന്തുണയുള്ളതുകൊണ്ട് പ്രമേയം പാസാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

