പാലാ ജനറല്‍ ആശുപത്രിയുടെ ഭൂമി അളന്നു; കൈയേറ്റം കണ്ടെത്തി
text_fieldsപാലാ ജനറല്‍ ആശുപത്രിയുടെ ഭൂമി താലൂക്ക് സര്‍വേ ടീം അളന്നു തിട്ടപ്പെടുത്തുന്നു
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയുടെ പ്രധാന ഗേറ്റ് മുതല്‍ റോഡിന്‍റെ ഒരു വശത്ത് അനധികൃത കയേറ്റങ്ങളെന്നും നിര്‍മാണങ്ങളെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് ഭൂമി അളന്ന് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. താലൂക്ക് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ആശുപത്രി ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.
അതേസമയം, അളന്നതോടെ ഭൂമിയിൽ അനധികൃത കൈയേറ്റം കണ്ടെത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, ആർ.എം.ഒ ഡോ. രതീഷ്, നഗരസഭ വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസ്, ആശുപത്രി മാനേജിങ് കമ്മിറ്റിയംഗം പീറ്റര്‍ പന്തലാനി, ജോസുകുട്ടി പൂവേലില്‍, ബി.ജെ.പി നേതാക്കളായ സുമിത് ജോര്‍ജ്, മനോജ് മാഞ്ചേരില്‍, ജി. അനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് നവീകരണം നടത്തുന്നത് കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാതെയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
ഭൂമി തിരിച്ചുപിടിക്കാൻ കത്തു നല്‍കും -ആശുപത്രി സൂപ്രണ്ട്
പാലാ: ജനറല്‍ ആശുപത്രിയുടെ ഭൂമി കയേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഭൂമി തിരിച്ചു പിടിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കുമെന്നും സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ ആശുപത്രി പരിസരത്ത് റോഡ് ഭാഗം കൈയേറി സ്ഥാപിച്ച കടകള്‍ നീക്കം ചെയ്യണമെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭ സെക്രട്ടറിയാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

