ഓൺലൈൻ വഴി വ്യാപാര സ്ഥാപനത്തിൽനിന്ന് 35 ലക്ഷം രൂപ തട്ടിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
text_fieldsനിഹാൽ കുമാർ സഹിൽ കുമാർ
പാലാ: വ്യാപാരസ്ഥാപനത്തിൽനിന്ന് ഓൺലൈൻ വഴി 35 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് ബിഹാർ സ്വദേശികൾ കൂടി പിടിയിലായി. നിഹാൽകുമാർ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പിടിയിലായത്.
ജനുവരിയിലാണ് പാലായിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തത്. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ് മുഖച്ചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ് മുഖാന്തരം മാനേജറുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയക്കണമെന്നും തിരികെ വിളിക്കരുതെന്ന സന്ദേശവും അയക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിൽനിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു.
തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയും പാലാ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഇതരസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ഉത്തർപ്രദേശിലെ ഔറാദത്ത്, സന്ത്കബിർനഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് അന്വേഷണസംഘം ബിഹാറിൽ നടത്തിയ തിരച്ചിലിലാണ് പട്നയിൽനിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, രാമപുരം എസ്.ഐ മനോജ്, സി.പി.ഒമാരായ സന്തോഷ്, ജോഷിമാത്യു, ജിനു ആർ. നാഥ്, രാഹുൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

