കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമം: ബസ് ജീവനക്കാർ അറസ്റ്റിൽ
text_fieldsമാർട്ടിൻ റഹീം കിരൺ പി. റെജി
പാലാ: സ്വകാര്യബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് സ്വദേശികളായ ഇടവെട്ടി നെല്ലിക്കൽ വീട്ടിൽ മാർട്ടിൻ (42), കുമ്പകല്ല് കല്ലിങ്കൽ വീട്ടിൽ റഹീം (39), മൂവാറ്റുപുഴ കല്ലൂർക്കാട് പുത്തൻപുരക്കൽ വീട്ടിൽ കിരൺ പി.റെജി (25) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരമറ്റം ബസ്റ്റാൻഡിൽ മറ്റൊരു ബസിലെ കണ്ടക്ടറായ യുവാവിനെ ഇവർ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസിൽ ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വാക്തർക്കം ഉണ്ടാകുകയും ഇവർ സംഘം ചേർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും മൂവരെയും പിടികൂടുകയായിരുന്നു.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാർട്ടിന് തൊടുപുഴ, കിടങ്ങൂർ, അടിമാലി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

