പാക്കനാരുടെ പിന്മുറക്കാരി തങ്കമ്മ ഇനി ഓർമ
text_fieldsപാക്കിൽ സംക്രമവാണിഭം നടത്തുന്ന തങ്കമ്മ (ഫയൽ ചിത്രം)
ചങ്ങനാശ്ശേരി: പാക്കനാരുടെ പിന്മുറക്കാരിയായി പാക്കിൽ സംക്രമവാണിഭത്തിന് ഇനി തങ്കമ്മ ഉണ്ടാകില്ല. അഞ്ച് പതിറ്റാണ്ടായി പാക്കിലെ സംക്രമവാണിഭത്തിലെ സ്ഥിരം സാന്നിധ്യമായ മാമ്മൂട് മാന്നില മുക്കട തങ്കമ്മയാണ് (86) ഓർമയായത്. പാക്കനാരുടെ തലമുറയിൽപെട്ട ഇന്നത്തെ പ്രതിനിധി ക്ഷേത്രനടയിൽ തങ്ങൾ നിർമിച്ച ഉൽപന്നം നടക്ക് വെക്കുന്നതോടെയാണ് പാക്കിൽ ശ്രീധർമശാസ്ത ക്ഷേത്രമൈതാനത്ത് നടക്കുന്ന സംക്രമവാണിഭത്തിന് തുടക്കം കുറിക്കുന്നത്. 50 വർഷമായി മുടങ്ങാതെ പാക്കിൽ സംക്രമത്തിന് നടക്ക് ഉൽപന്നംവെച്ച് തുടക്കം കുറിക്കുന്ന തങ്കമ്മയാണ് നിര്യാതയായത്.
കോവിഡ് മഹാമാരി കാലത്ത് സംക്രമ വാണിഭം നടന്നില്ലെങ്കിലും പാക്കനാരുടെ പ്രതിനിധിയായി ചടങ്ങുകൾക്കായി അന്നും തങ്കമ്മ എത്തിയിരുന്നു. ഇത്തവണയും പാക്കിൽ സംക്രമണത്തിന് എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് സംക്രമ വാണിഭത്തിന് പോകാൻ ഇറങ്ങുന്നതിനിടയിൽ വീണ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കിഴക്കൻ മേഖലയിൽനിന്നും ബസ് മാർഗം വള്ളികളും ഈറ്റയും മാമ്മൂട്ടിൽ എത്തിച്ച് ആളുകളെ വീട്ടിലിരുത്തി കൊട്ടയും മുറവും പായും ഉൾപ്പെടെ നെയ്ത് ആയിരുന്നു ആദ്യകാലത്ത് തങ്കമ്മ കച്ചവടം നടത്തിയിരുന്നത്. ചരിത്രത്തെക്കുറിച്ചും പാക്കനാരുടെ പിന്മുറയിൽപെട്ടവരുടെ അവകാശങ്ങളെക്കുറിച്ചു ബോധ്യവുമുള്ള തങ്കമ്മ പാക്കനാർ കഥകളും പുതുതലമുറക്ക് പകർന്നുനൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു. മാടപ്പള്ളി പഞ്ചായത്തിലെ മാന്നില പ്രദേശത്ത് പരമ്പരാഗതമായി കൊട്ടയും മുറവും നെയ്തു കച്ചവടം നടത്തിയിരുന്നവരിലെയും അവസാന കണ്ണിയാണ് തങ്കമ്മയുടെ വേർപാടോടെ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

