പള്ളി ഗോപുരത്തിൽ കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളിയെ രക്ഷപ്പെടുത്തി
text_fieldsജോലിക്കിടെ കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളിയെ മേലുകാവ് കത്തീഡ്രൽ പള്ളിയുടെ ഗോപുരത്തിൽനിന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷസേന താഴെയിറക്കുന്നു
ഈരാറ്റുപേട്ട: മേലുകാവ് കത്തീഡ്രൽ പള്ളിയുടെ 60 അടി ഉയരമുള്ള ഗോപുരത്തിൽ ജോലിക്കിടെ കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളിയെ ഈരാറ്റുപേട്ട അഗ്നിരക്ഷസേന അതിസാഹസികമായി രക്ഷപ്പെടുത്തി. കൃത്യമായ ആസൂത്രണത്തിലും സമയോചിത ഇടപെടലിലുമാണ് സേനാസംഘം രക്ഷാപ്രവർത്തനം നടത്തിയത്.
ജോലിക്കിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ് തൊഴിലാളി തളർന്നുവീണത്. വടവും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് അഗ്നിരക്ഷസേന ഉദ്യോഗസ്ഥൻ സതീഷ് ജോസിന്‍റെ നേതൃത്വത്തിൽ ഗോപുരത്തിൽ കയറിയ സേനാംഗങ്ങൾ, അവശനിലയിലായ തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
പിന്നാലെ തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ അഗ്നിരക്ഷസേന സംഘം നാടിന്‍റെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയാണ് മടങ്ങിയത്. വഴിയോരത്ത് തടിച്ചുകൂടിയ സ്കൂൾ കുട്ടികൾ സേനാവാഹനം കണ്ടതോടെ ആർപ്പുവിളിച്ചു. വരിവരിയായി നിന്ന് കൈയടിച്ചും പൂച്ചെണ്ട് നൽകിയുമാണ് സേനാംഗങ്ങളെ യാത്രയാക്കിയത്.

