നെല്ല് സംഭരണം; കർഷകർക്ക് ഇനിയും കിട്ടാനുണ്ട് 5.37 കോടി
text_fieldsജില്ല വികസന സമിതി യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
സംസാരിക്കുന്നു
കോട്ടയം: സപ്ലൈകോവഴി നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് ഇനി നൽകാനുള്ളത് 5.37 കോടി. ഇതിൽ 2.62 കോടി രൂപ ബാങ്കുകൾ നൽകാനുള്ളതാണ്. ബാക്കി 2.75 കോടി രൂപ മേയ് 15ന് ശേഷമുള്ള പേ ഓർഡറുകളിലേതാണ്. മേയ് 15വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുകയാണ് വിവിധ ബാങ്കുകൾവഴി വിതരണം ചെയ്യുന്നത്. മേയ് 15നു ശേഷമുള്ള പേ ഓർഡറുകളിലെ വിതരണം ആരംഭിച്ചിട്ടില്ലെന്നും പാഡി മാർക്കറ്റിങ് ഓഫിസർ അറിയിച്ചു. ജില്ല വികസന സമിതി യോഗത്തിലായിരുന്നു പാഡി മാർക്കറ്റിങ് ഓഫിസർ കണക്കുകൾ അവതരിപ്പിച്ചത്.
ജൂൺ 22 വരെ 127.04 കോടി രൂപ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. 2022-23 വർഷം രണ്ടാം കൃഷി സീസണിൽ 46,734 മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ 132. 35 കോടിയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 2023 മാർച്ച് 28വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 22വരെ കനറാ ബാങ്കിലൂടെ 42.74 കോടിയും ഫെഡറൽ ബാങ്കിലൂടെ 21.52 കോടിയും എസ്.ബി.ഐയിലൂടെ 31 കോടിയും വിതരണം ചെയ്തു. വഴിയരികിലും സ്കൂളുകൾക്ക് സമീപവും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും ശിഖരങ്ങൾ നീക്കാനും അടിയന്തര നടപടിയെടുക്കാനും വികസന സമിതി തീരുമാനിച്ചു.
ലഹരി വിരുദ്ധപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടികൾ കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റിസ്ഥാപിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർദേശിച്ചു. സ്കൂളുകൾക്കു സമീപവും വിദ്യാർഥികൾ പോകുന്ന വഴികളിലും ടിപ്പറുകളും ടോറസുകളും അനധികൃതമായി പാർക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും നടപടി എടുക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവൻ റോഡുകളിലെയും അനധികൃത പാർക്കിങ് പരിശോധിക്കാൻ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് അധ്യക്ഷത വഹിച്ച കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു.
വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തെ റോഡിലെ പാർക്കിങ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി വേണമെന്ന് സി.കെ. ആശ എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രി വളപ്പിലെ പാർക്കിങ് ഫീസ് ഒഴിവാക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൂഞ്ഞാർ മണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന മൂന്നു പഞ്ചായത്തിലെയും വന്യമൃഗശല്യം പ്രതിരോധിക്കാൻ ജില്ല ഭരണകൂടം ശക്തമായ നടപടി കൈക്കൊള്ളണമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു.
യോഗത്തിൽ തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

