ഔട്ട് പോസ്റ്റ്-മറ്റം - കൊടുതുരുത്ത് റോഡ് പദ്ധതി രേഖ തയാറാക്കാൻ വിദഗ്ധ സംഘമെത്തി
text_fieldsവെച്ചൂർ ഔട്ട് പോസ്റ്റ്-മറ്റം-കൊടുതുരുത്ത് റോഡിന്റെ പദ്ധതി രേഖ തയാറാക്കുന്നതിന് എത്തിയ വിദഗ്ധ സംഘം ജനപ്രതിനിധികളുമായി ചർച്ച നടത്തുന്നു
വെച്ചൂർ: പഞ്ചായത്തിലെ കാർഷിക മേഖലയുടെ വികസനത്തിനും ഉൾപ്രദേശത്തെ ജനങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കാൻ ഔട്ട് പോസ്റ്റ് -മറ്റം-കൊടുതുരുത്ത് റോഡിന്റെ പദ്ധതി രേഖ തയാറാക്കുന്നതിന് വിദഗ്ധ സംഘമെത്തി.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തി 2.198 കി.മി. ദൈർഘ്യത്തിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ വിശദ പദ്ധതിരേഖ തയാറാക്കുന്നതിന് പി.ഐ.യു എക്സിക്യുട്ടീവ് എൻജിനീയർ അരുൺ ജെ. രഞ്ജ്, അസി. എക്സിക്യുട്ടിവ് എൻജിനീയർ കെ. ഗോകുൽ, ഓവർസിയർ അസിയത്തുൽമിസിരിയ, ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രൈവറ്റ് സെക്രട്ടറി എ.കെ. ജോസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്.
പാടശേഖര സമിതി ഭാരവാഹികൾ, പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം സംഘം പ്രദേശം സന്ദർശിച്ചു. വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപം ആരംഭിച്ച് മറ്റം-കൊടു തുരുത്ത് ഭാഗം വഴി ദേവസ്വംകരി, വലിയ പുതുക്കരി പാടശേഖരങ്ങളുടെ നടുവിലൂടെ നീണ്ടൂരിൽ എത്തുംവിധം 2.198 കി.മീ. നീളത്തിൽ എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വലിയ പുതുക്കരി-ദേവസ്വംകരി, വലിയ പുതുക്കരി-മറ്റം പാടശേഖരങ്ങളെ വേർതിരിക്കുന്ന തോടുകൾക്ക് കുറുകെ രണ്ട് പാലങ്ങളും ഏഴ് കൾവർട്ടുകളും കർഷകർക്ക് കൊയ്ത് യന്ത്രവും മറ്റും കയറ്റിയിറക്കാൻ ആറ് റാമ്പുകളും നിർമിക്കും.
എസ്റ്റിമേറ്റ് അധികൃതർക്ക് കൈമാറി തുക നിശ്ചയിച്ച് കഴിഞ്ഞാൽ രണ്ടു വർഷത്തിനകം റോഡ് യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്റ് വർഗീസ് പുതുപ്പള്ളി, വി. സുശീലൻ, യു. ബാബു, ടി.കെ. ശശിധരൻ, പി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ്കുമാർ, ടി.ഡി. ഗീത, മോഹൻദാസ് വെച്ചൂർ, രാജേഷ് പഞ്ചാരി, രജീഷ്, അമലേന്ദു, ടോമി ജോസ്, എൻ.ടി. അശോകൻ, സോമനാഥൻ, ഇ.യു. നിസാർ തുടങ്ങിയവർ സംഘവുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

