മീനച്ചിലാറിന്റെ തുടക്കത്തിൽ നീർനായകൾ കുറവ്; പടിഞ്ഞാറ് കൂടുന്നു
text_fieldsമീനച്ചിലാറ്റിൽ നീർനായ് സർവേ നടത്തുന്നവർ
കോട്ടയം: മീനച്ചിലാറിന്റെ തുടക്കഭാഗത്ത് നീർനായ് സാന്നിധ്യം കുറഞ്ഞുവരുന്നതായും തരിശായതും ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി ഏറെയുള്ള, പുഴയുടെ താഴേക്കുള്ള ഭാഗത്ത് വർധിക്കുന്നതായും സർവേ റിപ്പോർട്ട്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോട്ടയം സെന്ററും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും വനം വകുപ്പ് സമൂഹിക വനവത്കരണ വിഭാഗവും സംയുക്തമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സർവേയിലെ കണ്ടെത്തലാണിത്.
പാലാ, മുത്തോലി, ചെമ്പിലാവ്, കിടങ്ങൂർ തുടങ്ങി പാറമ്പുഴ, ചുങ്കം വരെ ഭാഗങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 വരെ ഉള്ള കൂട്ടങ്ങളാണുള്ളത്. പാണംപടി, മലരിക്കൽ തുടങ്ങി കുമരകം വരെ ഉള്ള ഭാഗങ്ങളിൽ 20 മുതൽ 25 വരെ എണ്ണവും കണ്ടുവരുന്നു. സർവേ ടീം അംഗങ്ങൾക്ക് കുമരകത്ത് ഒന്നും ചുങ്കത്ത് അഞ്ചും നീർനായ്ക്കളെ പകൽ കാണാനായി. പുഴയുടെ ഉയർന്ന ഇടങ്ങളിൽ മനുഷ്യന്റെ ഇടപെടൽ കുറഞ്ഞത് നീർനായുമായുള്ള സംഘർഷം കുറയാനിടയാക്കിയിട്ടുണ്ട്.
പുഴയുമായി നിരന്തരം ഇടപെടുന്ന ഇടങ്ങളായ കിടങ്ങൂർ മുതൽ കുമരകം വരെ ശരാശരി രണ്ടു മുതൽ അഞ്ചുപേർക്ക് വരെ കടിയേൽക്കാറുണ്ട്. മീനുകൾക്കും വലകൾക്കും ഇവ നാശമുണ്ടാക്കുന്നു. പുഴകളുടെ ആരോഗ്യത്തിന്റെ സൂചകമാണ് നീർനായ്ക്കൾ. കരയിലേക്ക് കയറാൻ കഴിയാത്ത വിധം പുഴയോരം കല്ലുകെട്ടി സംരക്ഷിക്കുന്ന ഇടങ്ങളിലെ കടവുകളിലാണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഇവയെ പരിരക്ഷിച്ച്, മനുഷ്യനുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാനുപകരിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇരുവശവും കല്ലുകെട്ടിയ പുഴയുടെ പ്രദേശങ്ങളിൽ, നീർനായ്ക്കൾക്ക് കരയിലേക്ക് കയറാൻ പറ്റുന്ന വഴികളുണ്ടാക്കുക, കടവുകളിൽ സ്റ്റീൽ വല ഉപയോഗിച്ച് സുരക്ഷിതമേഖലകൾ സൃഷ്ടിക്കുക, പുഴയോരവനങ്ങൾ പുനഃസ്ഥാപിക്കുക, നീർനായുടെ ആക്രമണത്തിന് വിധേയമാകുന്നവർക്കു വന്യജീവി നിയമത്തിൽ അനുശാസിക്കുന്ന സഹായങ്ങൾ നൽകുക, മത്സ്യങ്ങൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തിന് സഹായം നൽകുക തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു.
സർവേയിൽ പങ്കെടുത്തവർക്ക് ജലവിഭവ കേന്ദ്രം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പരിശീലനം നൽകി. ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ തോംസൺ ഡേവിസ്, വനം വകുപ്പ് ഏരുമേലി റേഞ്ച് ഓഫിസർ കെ. ഹരിലാൽ, ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. നെൽസൺ പി. എബ്രഹാം, ജലവിഭവ കേന്ദ്രം കോട്ടയം സെന്റർ ഡയറക്ടർ ഡോ. കെ.കെ. ജയസൂര്യൻ എന്നിവർ സംസാരിച്ചു. ഡോ. ദേവാനന്ദ്, ഡോ. ചാന്ദ്നി, എൻ.ബി. ശരത് ബാബു, എസ്.എ. ശ്രീക്കുട്ടൻ, മീര ലിസ ജോസ്, നിജില റോസ് ഉമ്മൻ, തോമസ് യാക്കൂബ്, ആര്യ ഷാജി, എം.എം. മേഘ, ജോമോൾ ജോസഫ്, സിമില സിബിച്ചൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

