ഓപറേഷൻ തൂഫാൻ: നടപടി കടുപ്പിച്ച് അധികൃതർ
text_fieldsപൊതുനിരത്തിൽ താൽക്കാലികമായി കെട്ടിയ ഷെഡുകൾ
നഗരസഭ ജീവനക്കാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു
ഈരാറ്റുപേട്ട: ലഹരിക്കെതിരെ ആഞ്ഞടിക്കുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരിയുടെ ഒളിത്താവളങ്ങളിൽ പരിശോധനകൾ തുടരുന്നു. നഗരസഭ ഹെൽത്ത് വിഭാഗവും പൊലീസും എക്സൈസും ചേർന്നുള്ള പരിശോധന ബുധനാഴ്ചയും നിരവധി കേന്ദ്രങ്ങളിൽ നടന്നു.
നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ താൽക്കാലികമായി കെട്ടിയ മാടക്കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പൊതുനിരത്തിൽ താൽക്കാലികമായി കെട്ടിയ രണ്ട് ഷെഡുകൾ നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. തോട്ട്മുക്ക് കോസ് വേക്ക് സമീപത്തും പാലാ റോഡിൽ കടുവാമുഴി മറീന ബാറിന്റെ ഭാഗത്തും ഇരുന്ന താൽക്കാലിക ഷെഡുകളാണ് നഗരസഭ ജീവനക്കാർ പൊളിച്ചുനീക്കിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി നഗരസഭയിൽ കൂടിയ അവലോകന യോഗത്തിലും ഇത്തരം താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചെറിയ മുറുക്കാൻ കടകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന സജീവമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ക്ലീൻ സിറ്റി മാനേജർ ടി. രാജന്റെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ്, സന്നദ്ധ സംഘടനകൾ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

