ഒ.പി.ബി.ആർ.സി പദ്ധതി ഉദ്ഘാടനം നാളെ
text_fieldsകോട്ടയം: സംസ്ഥാന സർക്കാർ പുതുതായി ആവിഷ്കരിച്ച റോഡ് സംരക്ഷണത്തിനായുള്ള ഒ.പി.ബി.ആർ.സി പദ്ധതിയിൽ ഉൾപ്പെടുത്തിയ എം.സി റോഡ് പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.സി റോഡിന്റെ കോടിമത- അങ്കമാലി റീച്ചിന്റെയും ഇതോടൊപ്പം മാവേലിക്കര-ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ - കോഴഞ്ചേരി റോഡ് എന്നിവയുടെ ഏഴുവർഷ പരിപാലന പദ്ധതിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. ഏറ്റുമാനൂർ ജങ്ഷനിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും. ചടങ്ങിൽ മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
പരിപാലനപദ്ധതി അനുസരിച്ച് ഏഴുവർഷത്തേക്കാണ് റോഡിന്റെ ചുമതല കരാറുകാരന് കൈമാറുക ഇതനുസരിച്ച് റോഡിന്റെ പരിപാലനം പൂർണമായും ഇവർ നിർവഹിക്കും. ആദ്യത്തെ ഒമ്പതുമാസംകൊണ്ട് ആദ്യഘട്ട പണി പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏൽപിച്ചിരിക്കുന്നത്.
രാജി മാത്യു പാംബ്ലാനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 73.83 കോടിക്കാണ്107.753 കിലോമീറ്റർ റോഡ് ഏഴുവർഷത്തെ പരിപാലന ചുമതലക്കായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗമാണ് നിർവഹിക്കുക.
ഏറ്റുമാനൂർ മണ്ഡലത്തെയും പുതുപ്പള്ളി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം ആരംഭിക്കാനുള്ള നടപടി പൂർത്തിയായി. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുക. ടെൻഡർ പൂർത്തീകരിച്ച ഇതിന്റെ ജോലി ഉടൻ ആരംഭിക്കും. 10.90 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന പട്ടിത്താനം-മണർകാട് ബൈപാസിന്റെ അവസാന റീച്ചിന്റെ നിർമാണം പൂർത്തീകരിച്ചു. ഈമാസം റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയും. ഇല്ലിക്കൽ തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലം, അയ്മനം ഗ്രാമപഞ്ചായത്തിലെ അമ്പാടി-ചാമത്തറ ജയന്തി റോഡ്, തിരുവാറ്റ കല്ലുമട റോഡ്, ഏറ്റുമാനൂരിലെ ചുമടുതാങ്ങി റോഡ് എന്നിവയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കുടയംപടി-പരിപ്പ് റോഡ്, ചീപ്പുങ്കൽ-മണിയാപറമ്പ് റോഡ് എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.ഏറ്റുമാനൂർ പി.എച്ച്.സിയുടെ പുതിയ ഒ.പി കാഷ്വാലിറ്റി ബ്ലോക്കുകളുടെ നിർമാണോദ്ഘാടനം 13ന് രാവിലെ 11 മണിക്ക് നിർവഹിക്കും. 2.78 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇൻകെല്ലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
എം.പിമാരായ തോമസ് ചാഴികാടൻ, എ.എം ആരിഫ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സജി ചെറിയാൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി, റോജി എം.ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

