മീൻ വേണോ മീൻ...; ഓൺലൈനിൽ ഓർഡർ ചെയ്താൽ ഇനി മത്സ്യം വീട്ടിലെത്തും
text_fieldsമന്ത്രി സജി ചെറിയാൻ തീരദേശ കോർപറേഷന്റെ വടവാതൂരിലെ ഫിഷ് മെയ്ഡ് ഓൺലൈൻ ഹോം ഡെലിവറി ഔട്ട്ലെറ്റ് സന്ദർശിക്കുന്നു
കോട്ടയം: ഗുണമേൻമയുള്ള മത്സ്യം ന്യായവിലയിൽ ഓൺലൈനായി വീടുകളിലെത്തിക്കുന്ന ‘ഫിഷ്മെയ്ഡ്’ ഓൺലൈൻ കോട്ടയത്തും. ഹാർബറിൽനിന്ന് നേരിട്ട് എടുത്ത മത്സ്യം ഗുണമേൻമ പരിശോധന പൂർത്തിയാക്കി വടവാതൂർ ഫിഷ് പ്രോസസിങ് സെന്ററിൽ എത്തിച്ച് വൃത്തിയാക്കി പായ്ക്ക് ചെയ്താണ് വീടുകളിലെത്തിക്കുക.
ഒരു മണിക്കൂറിനകം മത്സ്യം വീട്ടുമുറ്റത്തെത്തും. ശുദ്ധമത്സ്യം നേരിട്ട് ഹാർബറിൽ നിന്നെടുത്ത് ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ വികസന കോർപറേഷന്റെ സംസ്കരണ കേന്ദ്രങ്ങളിൽ ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ജില്ല അടിസ്ഥാനത്തിലുള്ള ഫിഷ് മെയ്ഡ് ഓൺലൈൻ സെന്ററിൽ എത്തിച്ചാണ് വിപണനം നടത്തുക. സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച വടവാതൂർ താന്നിക്കപ്പടിയിലാണ് ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ഫിഷ് മെയ്ഡ് ഓൺലൈൻ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഔട്ട്ലെറ്റ് വിജയകരമായതിനെ തുടർന്നാണ് ജില്ലയിലും തുടങ്ങിയത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ന്യായ വിലക്ക് വിൽക്കുമ്പോൾ കൂടുതൽ ബിസിനസും കുറഞ്ഞ ലാഭവുമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും നൂറുകണക്കിന് തൊഴിൽ അവസരങ്ങളും 1000 കോടി രൂപയുടെ വിപണനവും ഇതിലൂടെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 14 ജില്ലയിലായി 50 സെന്ററുകൾ ആരംഭിക്കും. എല്ലാ പഞ്ചായത്തിലും വിഷമില്ലാത്ത മത്സ്യം എത്തിക്കും. എല്ലാ സെന്ററുകളിലും ക്വാളിറ്റി പരിശോധന സംവിധാനവും വിലവിവര പട്ടികയും പരാതി രജിസ്ട്രേഷൻ സംവിധാനവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേഖ് പരീത് അധ്യക്ഷത വഹിച്ചു. ചീഫ് മാർക്കറ്റിങ് ഓഫിസർ ചെറിയാൻ കുരുവിള, ബ്രാൻഡിങ് മീഡിയ പാർട്ണർ ജൂബി കുരുവിള, പഞ്ചായത്ത് അംഗങ്ങളായ ബാബു ജോസഫ്, സിസി ബോബി, മുൻ പഞ്ചായത്ത് അംഗം റോയ് ജോൺ, സെന്റ് മേരീസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

