വൺ ഹെൽത്ത് കേരള പദ്ധതിയിൽ വിരമിച്ചവരെ കുത്തിനിറക്കാൻ നീക്കം
text_fieldsതൊടുപുഴ: സെന്റർ ഫോർ വൺ ഹെൽത്ത് കേരള പ്രോജക്ടിൽ(സി.ഒ.എച്ച് - കെ) വിരമിച്ച ജീവനക്കാരെ കുത്തിനിറക്കാൻ നീക്കം. മനുഷ്യന്റെ ആരോഗ്യത്തിന് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം സംരക്ഷിക്കണം എന്ന ലോകാരോഗ്യസംഘടനയുടെ പദ്ധതിയുടെ ഭാഗമാണ് ‘വൺ ഹെൽത്ത് ഇന്ത്യ’ പദ്ധതി. ഇതിന്റെ തുടർച്ചയാണ് വൺ ഹെൽത്ത് കേരള പ്രോജക്ട്. ഈ പ്രോജക്ടിലേക്ക് നിയമനത്തിനാണ് യോഗ്യതയിൽ പത്ത് വർഷത്തിൽ കുറയാത്ത പരിചയം വേണം എന്ന നിബന്ധനയും 65വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അവസരവും നൽകിയിരിക്കുന്നത്.
പ്രോജക്ട് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത് കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ്. ലോക ബാങ്ക് സഹായത്തോടെയുള്ള പദ്ധതി പമ്പ നദീതട പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലാണ് ഇപ്പോൾ തുടങ്ങുന്നത്.
സംസ്ഥാനതല പ്രോജക്ട് ഓഫിസർ, ഐ.ടി വിദഗ്ധൻ, റിസർച് ആൻഡ് ഡോക്യൂമെന്റേഷൻ വിദഗ്ധൻ, സർവയൻസ് സ്പെഷലിസ്റ്റ്, കപ്പാസിറ്റി ബിൽഡിങ് സ്പെഷലിസ്റ്റ്, ഫിനാൻസ് മാനേജർ, ഡാറ്റാ മാനേജർ, പ്രോഗ്രാം അസോസിയേറ്റ്, ക്ലർക്ക്, ഡാറ്റാ എൻട്രി ഓപറേറ്റർ, ഓഫിസ് അസിസ്റ്റന്റ്, ഡിസ്ട്രിക്ട് മെന്റർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇതിൽ മിക്ക തസ്തികകൾക്കും യോഗ്യത നിർണയിച്ചിട്ടുള്ളത് പ്രത്യേക ലക്ഷ്യത്തോടെ ഇഷ്ടക്കാരെ തിരുകി കയറ്റാനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജില്ല മെന്റർ തസ്തിക വിരമിച്ച ഇടത് യൂനിയൻകാർക്ക് ലാവണം ഒരുക്കാനാണെന്നും ആക്ഷേപമുണ്ട്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള ലക്ഷക്കണക്കിന് തൊഴിൽ രഹിതർ പുറത്തു നിൽക്കുമ്പോഴാണ് വിരമിച്ചവരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.എസ്.ഡബ്ല്യു ഉൾപ്പെടെ യോഗ്യതയുള്ള യുവാക്കളുടെ അവസരമാണ് ഇങ്ങനെ നഷ്ടമാവുക. മറ്റ് തസ്തികകളിലും യോഗ്യരായ നിരവധിപേർ ജോലിയില്ലാതെ നിൽക്കുമ്പോഴാണ് വിരമിച്ചവർക്ക് അവസരം നൽകുന്നത്. സംസ്ഥാന സർക്കാറിന്റെ കീഴിൽ തൃശൂരിൽ പ്രവർത്തിക്കുന്ന കില എന്ന സ്ഥാപനവും ഇത്തരത്തിൽ വിരമിച്ച ജീവനക്കാരുടെ ഇടത്താവളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

