ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ മദ്യവിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsഎരുമേലി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ സർക്കാർ മദ്യവിൽപന നിരോധിച്ചിരിക്കെ അനധികൃതമായി വിൽപന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ച ആറു ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. എരുമേലി ശ്രീനിപുരം ഭാഗത്തെ തട്ടാടത്ത് വീട്ടിൽ വിശ്വനെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
വിശ്വൻ വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുള്ളതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 500 മില്ലി ലിറ്ററിന്‍റെ എട്ട് കുപ്പികളിലായി നാല് ലിറ്ററും 500 മില്ലി ലിറ്ററിന്‍റെ നാല് കുപ്പികളിലായി രണ്ട് ലിറ്ററും വിദേശ മദ്യമാണ് പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ തടി ഉപയോഗിച്ച് പ്രത്യേകം നിർമിച്ച അറക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.
സംഭവത്തിൽ എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ശാന്തി കെ. ബാബുവിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ കെ.കെ. സജുലാൽ, സി.പി.ഒമാരായ ബോബി, ജിഷാദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

