മികവിന്റെ കേന്ദ്രമാകും; പ്രതീക്ഷയോടെ ഒളശ്ശ സർക്കാർ ഹൈസ്കൂൾ
text_fieldsകോട്ടയം: മികവിന്റെ കേന്ദ്രമാകാനൊരുങ്ങുകയാണ് കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്കൂൾ. പ്രഖ്യാപനത്തിന് മന്ത്രി വി. ശിവൻകുട്ടി ഇന്നെത്തുമ്പോൾ 50 വർഷത്തിനിപ്പുറവും അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സ്കൂൾ എറെ പ്രതീക്ഷയിലാണ്.1962ൽ തുടങ്ങിയ സ്കൂൾ 2015ലാണ് ഹൈസ്കൂളായി ഉയർത്തിയത്. 13 ആൺകുട്ടികളടക്കം 40പേരാണ് വിദ്യാർഥികൾ. റെസിഡൻഷ്യൽ സംവിധാനമായതിനാൽ കുട്ടികൾ താമസിച്ചുപഠിക്കുകയാണ്.
പൂർവവിദ്യാർഥി കൂടിയായ ഇ.ജെ. കുര്യനാണ് ഹെഡ്മാസ്റ്റർ. മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം ഏഴാംക്ലാസിലാണ് ഇവിടെ പഠിച്ചത്. ആവശ്യങ്ങളേറെയുണ്ട് ഈ സ്കൂളിന്. പ്രധാനമായി മൂന്ന് പ്രശ്നങ്ങളാണ് മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാനുള്ളത്. ഒന്ന്, അധ്യാപക ഒഴിവുകൾ നികത്തുക. ഹൈസ്കൂളിൽ സ്ഥിരം അധ്യാപകരില്ല. തസ്തിക ഉണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. യു.പി വിഭാഗത്തിൽ ഒരാൾ മാത്രമാണ് സ്ഥിരം അധ്യാപകൻ.
ബാക്കി എല്ലാവരും താൽക്കാലികക്കാരാണ്. രണ്ടാമത്തേത്, ഐ.ടി പഠിപ്പിക്കാൻ താൽക്കാലികമായോ കരാർ അടിസ്ഥാനത്തിലോ എങ്കിലും അധ്യാപകനെ നിയമിക്കുക. മൂന്നാമത്തെ ആവശ്യം, വിദ്യാർഥികളുടെ ബോർഡിങ് ഗ്രാൻറ് മാസം 1500 രൂപയിൽനിന്ന് 3000 രൂപയായി വർധിപ്പിക്കുക.
50 രൂപയാണ് ഒരു ദിവസം ഭക്ഷണത്തിന് അനുവദിക്കുന്നത്. നേരത്തേ 30 രൂപയായിരുന്നത് 2015ലാണ് അവസാനം വർധിപ്പിച്ചത്.പോഷകാഹാരം നിർബന്ധമായ കുട്ടികൾക്ക് 50 രൂപ ഒന്നിനുമാവില്ല. തങ്ങളുടെ ആവശ്യങ്ങൾ മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കുമെന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ പറഞ്ഞു.
പ്രധാന ആവശ്യങ്ങൾ
- അധ്യാപക ഒഴിവുകൾ നികത്തുക.
- ഐ.ടി അധ്യാപകനെ താൽക്കാലികമായോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുക.
- വിദ്യാർഥികളുടെ ബോർഡിങ് ഗ്രാൻറ് 3000 രൂപയായി വർധിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

