വെള്ളമില്ല; മെഡിക്കൽ കോളജിൽ ദുരിതം
text_fieldsമെഡിക്കൽ കോളജ് ഡി.സി എച്ച് ലാബിനുള്ളിലെ തകർന്ന ജലവിതരണ പൈപ്പിന്റെ തകരാർ തൊഴിലാളികൾ പരിഹരിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം ലഭ്യമല്ലാത്തതിനാൽ ഹൃദയ ശസ്‌ത്രക്രിയ അടക്കം നിരവധി ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ കെട്ടിടത്തിലെ മുഴുവൻ വാർഡുകളിലും പഴയ കെട്ടിടത്തിലെ മുഴുവൻ വാർഡുകളും ശസ്ത്രക്രിയ തിയറ്ററുകളുമടക്കം മുഴുവൻ ബ്ലോക്കിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. വ്യാഴാഴ്ച പുലർച്ച രണ്ട് മുതൽ ഇല്ലാതിരുന്ന വെള്ളം രാത്രി എട്ട് മണി വരെയും എത്തിയിട്ടില്ല.
വാട്ടർ അതോറിറ്റിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്‍റ് പ്ലാൻറിൽ നിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഡി.സി.എച്ച് ലാബിന്‍റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പിലെ തകരാറാണ് പ്രധാന കാരണം. വെള്ളം ലഭിക്കാത്തത് കിടപ്പു രോഗികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. കൂട്ടിരിപ്പുകാർ വെളിയിൽ പോയി വെള്ളം ശേഖരിച്ച് രോഗികളുടെ പ്രാഥമിക കൃത്യനിർവഹണം നടത്തുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽ നിന്നും അഞ്ച് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും അതും ഉപയോഗിക്കാൻ കഴിയാതെ നഷ്ടപെട്ടു. തുടർന്ന് വീണ്ടും പൈപ്പ് നന്നാക്കിയ ശേഷം 10 ടാങ്കർ ലോറി വെള്ളം എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

