ഇരുട്ടിൽ മുങ്ങി ബുക്കാന കവല; വഴിവിളക്ക് കത്തിയിട്ട് മാസങ്ങൾ
text_fieldsകോട്ടയം: നഗരസഭയുടെ അനാസ്ഥ കാരണം മാസങ്ങളായി ബുക്കാന കവല ഇരുട്ടിൽ. 2020 സെപ്റ്റംബറിൽ സ്ഥാപിച്ച മിനി എൽ.ഇ.ഡി വഴിവിളക്ക് പൂർണമായി മിഴിയടച്ചിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപണി നടത്തി വെളിച്ചം തിരികെ കൊണ്ടുവരാൻ നടപടിയില്ല. ഒന്നരമാസം മുമ്പ് കെ. സ്മാർട്ട് വഴി പരാതി നൽകിയിട്ടും നഗരസഭയിൽനിന്ന് പ്രതികരണമില്ലാത്തതിൽ രോഷാകുലരായ നാട്ടുകാർ കഴിഞ്ഞ ദിവസംനഗരസഭക്ക് ആദരാഞ്ജലി അർപ്പിച്ചു ബോർഡും ചെരിപ്പ് മാലയും സ്ഥാപിച്ചിരുന്നു.
അടുപ്പമില്ലാത്ത വെളിച്ചം
ബുക്കാന കവലയിൽ മിനി എൽ.ഇ.ഡി വഴിവിളക്ക് സ്ഥാപിച്ചത് 2020 സെപ്റ്റംബറിലാണ്. എന്നാൽ ഒരു വർഷം തികയും മുമ്പേ വഴിവിളക്ക് പ്രകാശിക്കാതെയായി. കൗൺസിലറോട് പരാതി പറയുകയും നഗരസഭയിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ അറ്റകുറ്റപണിക്കു കരാറുകാരനെ നിശ്ചയിക്കാൻ ശ്രമിക്കുകയാണെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.
തുടർന്ന് നാട്ടുകാർ സ്വന്തംനിലക്ക് ഇടപെട്ട് ആദ്യതവണത്തെ ഇലക്ട്രിക്കൽ അറ്റകുറ്റപണി തീർത്തു. ശേഷം രണ്ടുവർഷത്തോളം വഴിവിളക്ക് കുഴപ്പമില്ലാതെ പ്രകാശിച്ചിരുന്നു. രണ്ടു വർഷം മുമ്പ് മൂന്നു ബൾബുകളിൽ ഒന്ന് പ്രകാശിക്കാതെയായി. പിന്നീട് രണ്ടാമത്തേതും മൂന്നു മാസം മുമ്പ് മൂന്നാമത്തെ ബൾബും പ്രവർത്തനരഹിതമായി. ഇതോടെ കവല വീണ്ടും ഇരുട്ടിലായി.
പരാതികൾ കാറ്റിൽ പറത്തി നഗരസഭ
വഴിവിളക്ക് കത്താതായതോടെ നാട്ടുകാർ കൗൺസിലറെയും നഗരസഭ ഓഫീസിൽ നേരിട്ടും വിവരം അറിയിച്ചിരുന്നു.ഒരു പ്രയോജനവും ഉണ്ടായില്ല എന്നു മാത്രം. തുടർന്ന് നഗരസഭയുടെ ഓൺലൈൻ സംവിധാനമായ കെ. സ്മാർട്ടിലൂടെ ആഗസ്റ്റ് 27ന് പരാതി നൽകി. ഒന്നര മാസം കഴിഞ്ഞിട്ടും നടപടിയോ മറുപടിയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
സുരക്ഷാഭീഷണിയിൽ ജനം
രണ്ടു ഹൈസ്കൂൾ, ഒരു കോളജ്, ആശുപത്രി എന്നിവ സ്ഥിതിചെയ്യുന്നതിനാൽ തിരക്കേറിയ ഈ കവലയിൽ സന്ധ്യയായാൽ ഉണ്ടാകുന്ന കനത്ത ഇരുട്ട് കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രധാന കവലയിൽ ഇരുട്ട് വ്യാപിക്കുന്നത് സുരക്ഷ ഭീഷണിയും ഉയർത്തുന്നു.
രാവിലെ മുതൽ തന്നെ ചിങ്ങവനം, പാക്കിൽ, പന്നിമറ്റം പ്രദേശങ്ങളിലെ സ്ത്രീകളുൾപ്പെടെ നിരവധി പേർ പ്രഭാത നടപ്പിന് ഈ വഴി നിത്യവും ഉപയോഗിക്കുന്നുണ്ട്. തെരുവുനായ ശല്യം മൂലം വിഷമിക്കുന്ന ഈ നടത്തക്കാർക്ക് വെളിച്ചം ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

