ജില്ലയിൽ ഇനി കയാക്ക് സവാരിയും
text_fieldsകോട്ടയം: ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ കുമരകത്തും കോടിമതയിലും ചങ്ങനാശ്ശേരിയിലും സഞ്ചാരികൾക്കായി കയാക്ക് (ചെറുവള്ളം) സവാരി ഒരുങ്ങുന്നു. ജില്ലക്ക് മൊത്തം 36 കയാക്കുകളാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ഇതിൽ 30 എണ്ണം ജില്ലയിലെത്തി. ഇവ പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് സർവിസ് നടത്താൻ താൽപര്യമുള്ളവരിൽനിന്ന് ഡി.ടി.പി.സി ടെൻഡർ ക്ഷണിച്ചു. കുമരകം കേന്ദ്രീകരിച്ചാകും പ്രധാനമായും സർവിസ്. ചങ്ങനാശ്ശേരി മനക്കച്ചിറയിൽ ആറ് കയാക്കുകൾ സജ്ജീകരിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ, ചങ്ങനാശ്ശേരി- ആലപ്പുഴ റോഡിെൻറ നവീകരണം ആരംഭിച്ചതിനാൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
കുമരകം എസ്.എൻ പവിലിയൻ കേന്ദ്രീകരിച്ച് 20 കയാക്കുകൾ സർവിസ് നടത്തും. എസ്.എൻ പവിലിയൻ അധികൃതരും ഡി.ടി.പി.സിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായി. ഇതിൽ 10 ബോട്ടുകൾ രണ്ടുപേർക്ക് കയറാവുന്നതാണ്. അവശേഷിക്കുന്നവയിൽ ഒരാൾക്ക് മാത്രമാണ് സഞ്ചരിക്കാനാകുക. ഇതിനായി പ്രത്യേക ടെൻഡറാണ് ക്ഷണിച്ചത്. ബാക്കി സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നൽകും.
വിദേശത്തുനിന്നുള്ള സഞ്ചാരികൾ കയാക്ക് (ചെറുവള്ളം) ആവശ്യപ്പെടുന്നത് പതിവായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളിൽ കയാക്ക് ഒരുക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സ്വയം തുഴഞ്ഞുപോകുന്ന ഇവ വിദേശത്ത് വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കായാക്കിങ് മത്സരങ്ങളും നടത്തുന്നുണ്ട്.
കോവിഡ് കാലഘട്ടം കഴിഞ്ഞ് ടൂറിസം മേഖല സജീവമാകുന്നതോടെ കയാക്കുകൾക്ക് ആവശ്യക്കാർ ഏറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാട്ടുകാരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. കയാക്ക് സജ്ജീകരിച്ച വിവരംകാട്ടി ഡി.ടി.പി.സി പ്രചാരണവും നടത്തും.
കൊച്ചിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് കയാക്കുകൾ നിർമിച്ചുനൽകിയത്. ഇവ പ്രവർത്തിപ്പിക്കാൻ ലൈസൻസ് ഉള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. സഞ്ചരിക്കാൻ ലൈസൻസ് ആവശ്യമില്ല.
ഇതിനൊപ്പം ജില്ലക്ക് ഒരു ശിക്കാര ബോട്ടും ലഭിച്ചിട്ടുണ്ട്. ഇതും പാട്ടത്തിനുനൽകും. ഇതിനും ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് ഒന്ന് വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. രണ്ടിന് ടെൻഡർ തുറക്കും. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിൽ മാന്നാനത്തെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ പാട്ടത്തിന് നൽകാനും കരാർ ക്ഷണിച്ചിട്ടുണ്ട്. നേരത്തേ ഇത് കരാർ നൽകിയിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് ഇവർ പിന്മാറി. ഇതോടെയാണ് പുതിയ ടെൻഡർ ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

