നെല്ലുസംഭരണത്തിൽ തീരുമാനമായില്ല; നെല്ല് പാടത്തുതന്നെ
text_fieldsകോട്ടയം തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്ത് കൊയ്ത്ത് കഴിഞ്ഞ് 15 ദിവസമായിട്ടും സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന നെല്ല്
കോട്ടയം: തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്തെ നെല്ലുസംഭരണത്തിൽ തീരുമാനമായില്ല. നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാഡി ഓഫിസ് ഉപരോധത്തെ തുടർന്ന് കലക്ടർ ചർച്ചക്ക് വിളിച്ചെങ്കിലും കർഷകർ ഇറങ്ങിപ്പോയി. കിഴിവ് നൽകില്ലെന്നായിരുന്നു കർഷകരുടെ നിലപാട്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് ജെ ബ്ലോക്ക്. ഇവിടെ 400 ഏക്കറിലെ കൊയ്ത്ത് ക്വിന്റലിന് മൂന്നുകിലോ നെല്ല് കിഴിവ് വേണമെന്ന ആവശ്യവുമായാണ് മില്ലുകാര്‍ രംഗത്തെത്തിയത്. കര്‍ഷകര്‍ ആവശ്യം നിരാകരിച്ചതോടെ സംഭരണം തടസ്സപ്പെടുകയായിരുന്നു. ഏറ്റവും മികച്ച നെല്ലാണിതെന്നാണ് കർഷകർ പറയുന്നത്. എന്നാൽ കിഴിവ് വേണമെന്ന് സപ്ലൈകോയും. കലക്ടർ ഇടപെട്ട് രണ്ടുദിവസം ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്നാണ് വെള്ളിയാഴ്ച നെല്‍ കര്‍ഷക സംരക്ഷണ സമിതി മാര്‍ക്കറ്റിങ് ഓഫിസറെ ഉപരോധിച്ചത്. ഉച്ചയോടെ കലക്ടർ സമരക്കാരെ ചർച്ചക്ക് വിളിച്ചു. പിന്നീട് കർഷകരെയും. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഒരു കിലോ കിഴിവ് നൽകണമെന്നാണ് കലക്ടർ ആവശ്യപ്പെട്ടതെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. ഇതനുവദിക്കാനാവില്ലെന്ന് പറഞ്ഞ് സമരക്കാർ ഇറങ്ങിപ്പോവുകയായിരുന്നു. കലക്ടർ കർഷകർക്കുവേണ്ടിയല്ല വലിയവർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും നെല്ലെടുക്കുന്നതുവരെ സമരം തുടരുമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
സമരവേദിയായി പാഡി ഓഫിസ്
കോട്ടയം: തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്തെ നെല്ല് സംഭരണത്തെച്ചൊല്ലി പ്രതിഷേധ കേന്ദ്രമായി പാഡി ഓഫിസ്. നെല്‍ കര്‍ഷക സംരക്ഷണ സമിതിയും ബി.ജെ.പിയും പാഡി മാര്‍ക്കറ്റിങ് ഓഫിസറെ ഉപരോധിച്ചപ്പോള്‍ കർഷക കോൺഗ്രസ് പാഡി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പാഡി മാര്‍ക്കറ്റിങ് ഓഫിസില്‍ കുത്തിയിരുന്നു. സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കൽ, വേലായുധന് നായര്‍, സെക്രട്ടറി മാത്യൂസ് കോട്ടയം, പി.കെ. സത്യേന്ദ്രന്‍, പാടശേഖര സമിതി കണ്‍വീനര്‍ സുനു പി. ജോര്‍ജ്, സെക്രട്ടറി ചാക്കോ ഔസേപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കർഷക കോൺഗ്രസ് ജില്ലകമ്മിറ്റി നടത്തിയ പാഡി ഓഫിസ് മാർച്ച് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ നെല്ല് സംഭരിക്കാൻ കഴിയാത്തതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി സർക്കാറിനാണെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഡി.സി.സി രംഗത്തുവരുമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ജില്ല കർഷക കോൺഗ്രസ് പ്രസിഡന്റ് തോമസ് കുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിബി കൊല്ലാട്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിൽ മലരിക്കൽ എന്നിവർ സംസാരിച്ചു.
നെല്ല് സംഭരണ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാഡി മാര്‍ക്കറ്റിങ് ഓഫിസറെ ഉപരോധിച്ചത്. പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ പാടശേഖരം സന്ദര്‍ശിച്ച ശേഷമായിരുന്നു ഉപരോധം. കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം സുമിത് ജോര്‍ജ്, ആന്റണി അറയില്‍, ടി.എന്‍. വിനോദ്, റെജിന്‍ കെ. മാത്യു, ജോജോ കുര്യന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

