തിരുവാർപ്പിൽ ഞാറ്റടി മഹോത്സവത്തിന് തുടക്കം; കൃഷിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ കർഷകന്റെ ചെലവ് കുറയുമെന്ന് മന്ത്രി പ്രസാദ്
text_fieldsതിരുവാർപ്പ് പഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറുനടീൽ യന്ത്രം ഉപയോഗിച്ച് ഞാറുനട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകരുടെ ചെലവ് കുറയുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവാർപ്പ് പഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പൂതൂർക്കാട്ടൻപത് പാടശേഖരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 40 ശതമാനം വിത്ത് കുറച്ച് ഉപയോഗിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. വിത്തിനുള്ള ചെലവ് കുറയുന്നതിനൊപ്പം മികച്ച വിളവും വരുമാനവും കർഷകന് ലഭിക്കുന്നു. സാധാരണ ഗതിയിൽ ഞാറ് നടന്നതിനേക്കാൾ ചെലവ് കുറവാണ് യന്ത്രവൽകൃത ഞാറ് നടീലിന്. സ്മാർട്ട് ഫാമിങ്ങാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകന്റെ ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രോൺ, സെൻസർ ഉപയോഗിച്ചുള്ള കൃഷിരീതികൾ എന്നിവ നടപ്പാക്കുന്നു. കർഷകരെ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. മില്ലുകാരുടെ ചൂഷണത്തിന് കർഷകരെ വിട്ടുകൊടുക്കാതെ നെല്ല് സംഭരണത്തിന് കൃഷിവകുപ്പ് മുഖേന സംവിധാനമുണ്ടാക്കി. ഇതിനായി ധനവകുപ്പ് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. കാർഷിക മേഖല മെച്ചപ്പെട്ടാൽ ആരോഗ്യവും മെച്ചപ്പെടും. കൃഷിക്ക് ഏറ്റവുമധികം സഹായം നൽകുന്ന സംസ്ഥാനമാണ് കേരളം. കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റുന്നത് ആരംഭിച്ചിട്ടുണ്ട്. നാലായിരത്തിലധികം മൂല്യവർധിത ഉൽപന്നങ്ങൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പാടത്തിറങ്ങി യന്ത്രവൽകൃതമായി ഞാറ് നട്ടാണ് ഞാറ്റടി മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.
മില്ലുകാർ നെല്ല് ഏറ്റെടുക്കാതെ വരുന്നതാണ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരമെന്നോണം സംസ്ഥാന സർക്കാർ ഇടപെടൽ നടത്തി. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലായി രണ്ട് നെല്ല് സംഭരണ-സംസ്കരണ കേന്ദ്രങ്ങളാണ് വരുന്നത്. കോട്ടയത്തേത് അടുത്ത ജനുവരിയോടെ പൂർത്തിയാകും. 80000 മെട്രിക് ടൺ നെല്ല് വരെ ഇവിടെ സംഭരിക്കാൻ സാധിക്കുമെന്നും കാർഷിക മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരുന്നതിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ജില്ല പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ടി. രാജേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. ഷീനാമോൾ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, പഞ്ചായത്തംഗങ്ങളായ അജയൻ കെ. മേനോൻ, രശ്മി പ്രസാദ്, പി.എസ്. ഹസീദ, കെ.എ. സുമേഷ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, കൃഷി അസി. ഡയറക്ടർ ടി. ജ്യോതി, കൃഷി ഓഫിസർ നസിയ സത്താർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

