Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേശീയപാത 183...

ദേശീയപാത 183 എൻ.എച്ച്.എ.ഐ ഏറ്റെടുത്തു

text_fields
bookmark_border
ദേശീയപാത 183 എൻ.എച്ച്.എ.ഐ ഏറ്റെടുത്തു
cancel

കോട്ടയം: കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ഡിൻഡിഗൻ വരെയുള്ള ദേശീയപാത 183 റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്ന് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. കൊല്ലം മുതൽ കുമളി വരെയുള്ള 216 കിലോമീറ്ററും കുമളി മുതൽ ഡിൻഡിഗൽ വരെയുള്ള 134 കിലോമീറ്ററും ഉൾപ്പെടെ ആകെ 350 കിലോമീറ്ററാണ് ഈ റോഡിനുള്ളത്.

ഇതുവരെ ഇരു സംസ്ഥാനങ്ങളിലെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു റോഡിലെ പ്രവൃത്തികൾ നടന്നിരുന്നത്. ഇനിയും റോഡ് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. കൊല്ലം കടവൂർ ബൈപാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയായി നവീകരിക്കാൻ കേന്ദ്ര സർക്കാർ 1663.15 കോടി രൂപ അനുവദിച്ചിരുന്നു. ഇത് അനുസരിച്ചുള്ള പ്രവൃത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കും.

ആഞ്ഞിലിമൂട് മുതൽ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി വരെയുള്ള ഭാഗം നാലുവരിപാതയായി നവീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ പുതിയ കൺസൾട്ടൻസിയെ ഉടൻ നിയമിക്കും. ഇതിനായി ക്ഷണിച്ച ടെൻഡർ ജൂലൈ ഏഴിന് തുറക്കും. ഒരു വർഷമാണ് പഠനകാലാവധി. നേരത്തെ നടത്തിയ പഠനത്തിൽ കെ.കെ റോഡ് വീതി കൂട്ടാതെ കോട്ടയം ഐഡ ജങ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെ പുതിയ ബൈപാസ് നിർമിക്കണമെന്ന ശിപാർശയാണ് ഉണ്ടായിരുന്നത്. പുതിയ പഠനത്തിലും ഈ നിർദേശം ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

കെ.കെ റോഡിലെ സർവേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും -ഫ്രാൻസിസ് ജോർജ്

കോട്ടയം: കേന്ദ്ര സർക്കാർ അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ച് ദേശീയപാത 183 (കെ.കെ റോഡ്) നവീകരിക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. കോട്ടയം ഐഡ ജങ്ഷൻ മുതൽ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത് നവീകരിക്കുന്നത്. നിലവിൽ ആറു മീറ്റർ വീതിയിലാണ് ടാറിങ് ഉള്ളത്. റോഡിന്‍റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ നിർമിക്കുക എന്നിവയും നവീകരണ ഭാഗമായി നടത്തും.

അഞ്ച് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന റോഡിന്‍റെ ഇരുവശവും അളന്ന് അതിർത്തി നിശ്ചയിക്കുന്ന മുറക്ക് കല്ലുകൾ സ്ഥാപിക്കും. സർവേ പൂർത്തിയാക്കാൻ ആറംഗ ടീമിനെ നിയമിക്കാൻ കലക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമായി. സർവേ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 150 കോടി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും എം.പി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsNational HighwayNHAIKottayam
News Summary - NHAI takes over National Highway 183
Next Story