സി.പി.രാധാകൃഷ്ണൻ കോട്ടയത്തിനും പ്രിയങ്കരൻ
text_fieldsലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ജൂൺ 14ന് സംഘടിപ്പിച്ച ഡ്രക്സിറ്റ് ഉച്ചകോടി മഹാരാഷ്ട്ര ഗവർണറും നിയുക്ത ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽചിത്രം)
കോട്ടയം: ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണൻ കോട്ടയത്തിനും പ്രിയങ്കരൻ. അടുത്തിടെ കോട്ടയത്തെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. കോട്ടയം വലിയ ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളവുമായി വർഷങ്ങളായി അടുത്ത ബന്ധമുള്ളയാളാണ് രാധാകൃഷ്ണൻ. നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയുടെ സമയത്ത് കൊച്ചി ആസ്ഥാനമായ കയർ ബോർഡിന്റെ ചെയർമാനായിരുന്നു രാധാകൃഷ്ണൻ. അന്ന് കേരളത്തിനു ലഭിക്കേണ്ടിയിരുന്ന ചെയർമാൻ സ്ഥാനമാണ് തമിഴ്നാട്ടിൽനിന്നുള്ള രാധാകൃഷ്ണന് ലഭിച്ചത്.
എന്നാൽ, മലയാളിയേക്കാൾ മികച്ച രീതിയിൽ ആ ഉത്തരവാദിത്തം അദ്ദേഹം നിർവഹിച്ചു. ഇന്ത്യയുടെ കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് അക്കാലത്താണ്. 2020 മുതൽ രണ്ടുവർഷം കേരള ബി.ജെ.പിയുടെ ചുമതലയും (പ്രഭാരി) വഹിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭ അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിലുൾപ്പെടെ ഉദ്ഘാടകൻ രാധാകൃഷ്ണനായിരുന്നു. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തതിൽ ആശംസയർപ്പിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയന് എഴുതിയ കുറിപ്പിൽ അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ പ്രകടം.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് സി.പി. രാധാകൃഷ്ണൻ എന്നാണ് സഭ അധ്യക്ഷൻ വ്യക്തമാക്കുന്നത്. സഹോദരൻ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാം വാർഷികത്തിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനൊപ്പം പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. പിന്നീട് കേരളത്തിലെത്തിയ ഉടൻ സഭ ആസ്ഥാനം സന്ദർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. നിശ്ചയിക്കപ്പെട്ടതിലും അരമണിക്കൂറിലധികം ദേവലോകത്ത് ചെലവഴിച്ച രാധാകൃഷ്ണൻ സഭയെ കൂടുതൽ അടുത്തറിയുകയായിരുന്നെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

