പരിപ്പ് തൊള്ളായിരം റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് പുതുജീവൻ
text_fieldsകോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പരിപ്പ് തൊള്ളായിരം റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് പുതുജീവൻ വെക്കുന്നു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ കണ്ടെത്താനുള്ള പുതിയ ടെൻഡർ നടപടികൾ നടന്നുവരുകയാണ്. ബാധ്യതകൾ തീർത്താണ് കരാറുകാരനെ റദ്ദാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് നിർമാണം പാതിവഴിയിലായ റോഡിന്റെ നിർമാണാവസ്ഥ മനസ്സിലാക്കി കോടതിയെ അറിയിക്കാനുള്ള ശ്രമത്തിലൂടെയാണ് കോടതിവിധി നേടാനായത്. പഴയ കരാറുകാരന്റെ ബാധ്യത ഒഴിവാക്കാനാണ് ഇത് അളന്ന് തിട്ടപ്പെടുത്തിയത്. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ പുതിയ ബജറ്റിന് അംഗീകാരം കിട്ടിയശേഷം പുതിയ റോഡിന്റെ നിർമാണം പുനരാരംഭിക്കാനാണ് ശ്രമം.മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിനെത്തുടർന്നാണ് നിർമാണജോലി പുനരാരംഭിക്കുന്നതിന് മുന്നോടിയായി റോഡിന്റെ അളവെടുപ്പ് നടത്തിയത്.
2003ൽ സുരേഷ് കുറുപ്പ് എം.പി ആയിരുന്നപ്പോൾ ഉദ്ഘാടനം ചെയ്തതാണ് 900ചിറ വരമ്പിനകം പാലം. അയ്മനം പഞ്ചായത്തിലെ ഒന്ന്, 20 വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡുമുള്ളത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. തുടക്കത്തിൽ കരാർ ഏറ്റെടുത്ത കോൺട്രാക്ടർ റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.കോട്ടയത്തുനിന്നും കുമരകം വഴി, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്താൻ കുറഞ്ഞസമയം മതി.
പരിപ്പിൽനിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമരകത്തേക്കും എത്താം. മെഡിക്കൽ കോളജ് ഭാഗത്തുനിന്നും അമ്പാടി, ചാമത്തറ, ജയന്തിക്കവല, പരിപ്പ് തൊള്ളായിരം, മാഞ്ചിറ റോഡിലൂടെ കുമരകം കവണാറ്റിൻകരയിലെത്താം. കോട്ടയത്തുനിന്ന് വരുന്നവർക്ക് കുടയംപടി, അയ്മനം, ഒളശ്ശ, പരിപ്പ്, തൊള്ളായിരം മാഞ്ചിറ റോഡിലൂടെ എളുപ്പത്തിൽ കുമരകത്ത് എത്തിച്ചേരാനും സാധിക്കും.
സുരേഷ് കുറുപ്പ് എം.എൽ.എ ആയിരുന്ന സമയത്താണ് രണ്ടാമത് അപ്രോച്ച് റോഡിന് അനുമതി ലഭിച്ചത്. 12 കോടി 65 ലക്ഷം രൂപയാണ് പാലത്തിനും അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള നിർമാണത്തിനായി ടെൻഡർ നൽകിയിരുന്നത്. ഇതുപ്രകാരം, കരാറുകാരൻ റോഡ് പൈലിങ് നടത്തി മെറ്റൽ നിരത്തി. എന്നാൽ, ടാറിങ് നടത്തേണ്ട റോഡിന്റെ നിർമാണവും നിലച്ചു. 2018ലെ പ്രളയത്തിനുശേഷം കരാറുകാരൻ റോഡ് പണി ഉപേക്ഷിക്കുകയായിരുന്നു.
കരാറുകാരൻ 12 കോടിയിൽ 5.75 കോടിയോളം രൂപ റോഡ് നിർമാണത്തിനായി ചെലവഴിച്ചു. മിച്ചമുള്ള തുക കൊണ്ട് വേണം ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ. കരാറുകാരന്റെ അനാസ്ഥയാണ് ജനങ്ങളുടെ സ്വപ്നപദ്ധതി ഇത്തരത്തിൽ മുരടിക്കാൻ കാരണമെന്നാണ് ജനരോഷം.
പുതിയ കരാറിലൂടെ താമസിയാതെ പാലത്തിനും റോഡിനും പുതുജീവൻ ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

