ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിൽ
text_fieldsകോട്ടയം: പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് പുറത്ത് നിൽക്കേണ്ടി വന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരത മിഷൻ നടപ്പാക്കുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി' പ്രോഗ്രാം ജില്ലയിൽ 11 പഞ്ചായത്തുകളിൽ നടപ്പാക്കും. 11 ബ്ലോക്കുകളിൽനിന്ന് ഓരോ പഞ്ചായത്തുകൾ വീതം തെരഞ്ഞെടുത്താണ് പദ്ധതി. കുമരകം, വിജയപുരം, തൃക്കൊടിത്താനം, കുറവിലങ്ങാട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കടനാട്, കടുത്തുരുത്തി, ഉദയനാപുരം, പാമ്പാടി, പൂഞ്ഞാർ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ- ക്വീർ വിഭാഗങ്ങൾ, തീരദേശങ്ങളിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ്- കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വർഷം കണക്കാക്കിയുള്ള സാക്ഷരത പദ്ധതിയിൽ അടിസ്ഥാന സാക്ഷരത, ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടർവിദ്യാഭ്യാസം എന്നിവയെല്ലാം ഉൾപ്പെടും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലതലത്തിൽ തുടങ്ങുന്ന 101 അംഗ സംഘാടകസമിതിയിൽ മന്ത്രി, എം.പിമാർ, എം.എൽ.എമാർ, എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എന്നിവർ രക്ഷാധികാരികളാവും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് ചെയർപേഴ്സനുമാവും. ജില്ലയിൽ ആദ്യഘട്ടത്തിൽ 1500 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനാണ് പദ്ധതിയിടുന്നത്. 800 ന്യൂനപക്ഷ വിഭാഗക്കാർ, 520 ജനറൽ വിഭാഗക്കാർ, 170 പട്ടികജാതി വിഭാഗക്കാർ, 10 പട്ടികവർഗക്കാർ എന്നിങ്ങനെയാണ് ആളുകളെ കണ്ടെത്തി പദ്ധതിയിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ്. ശരത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ പി.എ. അമാനത്ത്, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, സാക്ഷരത മിഷൻ കോഓഡിനേറ്റർമാരായ നിർമല റേച്ചൽ ജോയ്, വി.വി. മാത്യു, അസി. കോഓഡിനേറ്റർ ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

