കോടിമതയിൽ പുതിയ ബോട്ട് നിർമാണ കേന്ദ്രം ഒരുങ്ങി
text_fieldsകോടിമതയിലെ ബോട്ട് നിർമാണ കേന്ദ്രത്തിൽ ഒരുങ്ങുന്ന
ജലടൂറിസത്തിനുള്ള ബോട്ടുകൾ
കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കോടിമതയിൽ സതേൺ ബോട്ട്സ് എന്ന പേരിൽ പുതിയ ബോട്ട് നിർമാണ കേന്ദ്രം ഒരുങ്ങി. ഉൾനാടൻ ബോട്ടിങ് തുടങ്ങുന്നതിന്റെ ഭാഗമായാണ് ജലടൂറിസത്തിനും ടൂറിസം സ്പോർട്സിനും ഉപയോഗിക്കാൻ തക്കവണ്ണം വിവിധ തരത്തിലുള്ള ബോട്ടുകളുടെ നിർമാണ കേന്ദ്രം പണിതത്. 200 ബോട്ടുകൾ പണിയാനുള്ള യാർഡ് ഇവിടെ ഉണ്ട്.
കോട്ടയത്തുനിന്ന് മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെ ബന്ധപ്പെടുത്തിയാണ് ഉൾനാടൻ ബോട്ടിങ് നടത്തുന്നത്. നദീസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമാണ് ജലടൂറിസം പദ്ധതികൾ. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തെളിച്ചെടുത്ത ജലപാതകളിലൂടെ ടൂറിസം വഴി ജലഗതാഗതം വർധിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം.
കോടിമതയിൽനിന്ന് ആരംഭിച്ച് ദിവസേന സ്പോർട്സ്-ടൂറിസം ബോട്ടുകൾ തിരുവാർപ്പിലെ വെട്ടിക്കാട്ട്, കുമരകത്തെ പത്ത്പങ്ക്, മലരിക്കൽ, പാതിരാമണൽ തുടങ്ങിയിടങ്ങളിലേക്ക് ജലപാതകളിലൂടെ സന്ദർശകരെ എത്തിക്കും. ഈ രണ്ട് കേന്ദ്രങ്ങളിലും വാട്ടർ സ്പോർട്സ് കേന്ദ്രങ്ങൾ ആരംഭിക്കും. പ്രത്യേക സീസണുകളിൽ മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിലും വാട്ടർ സ്പോർട്സ് കേന്ദ്രം തുടങ്ങും.
പ്രവർത്തനം വാട്ടർ സ്കൂട്ടർ ഉൾപ്പെടെ നിരവധി ടൂറിസം ബോട്ടുകൾ നിർമിക്കുകയും വാട്ടർ സ്പോർട്സിന് ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. നിർമാണ കേന്ദ്രം 22ന് വൈകീട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സ്പോർട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യവിൽപന മന്ത്രി വി.എൻ. വാസവൻ മുൻ ഡി.ജി.പി ഹോർമിസ് തരകന് നൽകി നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സതേൺ ബോട്ടിങ് മാനേജിങ് ഡയറക്ടർ ബെറ്റി കെ. കുര്യൻ തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

