ട്രാക്കിൽ കുതിച്ച ദേശീയതാരം തെരഞ്ഞെടുപ്പ് ട്രാക്കിൽ
text_fieldsലിസി
കോട്ടയം: പതിറ്റാണ്ടുകൾക്ക് മുമ്പ് പി.ടി. ഉഷക്കും എം.ഡി. വത്സമ്മക്കുമൊപ്പം ട്രാക്കിൽ കുതിച്ചു സ്വര്‍ണം കൊയ്ത ലിസി ഇന്ന് വിജയം തേടി തെരഞ്ഞെടുപ്പിന്‍റ ട്രാക്കിലാണ്. പനച്ചിക്കാട് പഞ്ചായത്ത് 20ാം വാര്‍ഡില്‍ ട്വന്‍റി 20 സ്ഥാനാര്‍ഥിയായാണ് മുന്‍ ദേശീയ കായികതാരം പൂവന്തുരുത്ത് ഡാലിയ വീട്ടില്‍ ലിസി ചെറിയാന്‍ (60) മൽസരിക്കുന്നത്.
റിലേ, ഹര്‍ഡില്‍സ്, ലോങ്ജമ്പ് മൽസരങ്ങളിൽ ഒരു കാലത്തെ മിന്നുംതാരമായിരുന്നു ലിസി. 1987ലെ ഓപണ്‍ നാഷനല്‍ മീറ്റില്‍ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 100 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടിയിരുന്നു. ഈ മീറ്റില്‍ ലോങ്ജമ്പിൽ മൂന്നാം സ്ഥാനവും നേടി വ്യക്തിഗത ചാമ്പ്യൻപട്ടവുമായാണ് ലിസി മടങ്ങിയത്. ലോങ്ജമ്പിൽ ഒളിമ്പ്യൻ മേഴ്‌സിക്കുട്ടനായിരുന്നു പ്രധാന എതിരാളി.
സ്‌പോര്‍ട്‌സ് മികവില്‍ 1985ല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ക്ലാർക്കായി. 2025ല്‍ ചിങ്ങവനം എഫ്.സി.ഐ മാനേജരായാണ് വിരമിച്ചത്. ഇപ്പോഴും കായികരംഗത്തോടുള്ള താൽപര്യം വിട്ടിട്ടില്ല. ഇടവക പള്ളിയിലും മറ്റും നടക്കുന്ന കായിക മത്സരങ്ങളില്‍ സജീവസാന്നിധ്യമാണ് ലിസി.യാത്ര ഏറെ ഇഷ്ടപ്പെടുന്ന ലിസി ട്വന്‍റി-20യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് രാഷ്‌ട്രീയത്തിലിറങ്ങിയത്. കോട്ടയം ജില്ലയില്‍ ട്വന്‍റി-20 സജീവമായി മത്സരരംഗത്തുള്ള പഞ്ചായത്തുകളിലൊന്നാണ് പനച്ചിക്കാട്. 11 വാര്‍ഡിലാണ് ട്വന്‍റി 20 മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

