നാലുപങ്ക് ബോട്ട് ടെർമിനൽ വീണ്ടും ഒരുക്കത്തിൽ; ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാതെ കിടന്നത് അഞ്ചുവർഷം
text_fieldsകുമരകം: ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം പ്രവർത്തനം ആരംഭിക്കാത്ത ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തെ കായലോരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ വീണ്ടും ഒരുക്കത്തിൽ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഈ നീക്കമെന്ന ആക്ഷേപം ശക്തമാകുകയാണ്.
അഞ്ചുവർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനുള്ള നീക്കം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസിലൂടെ ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, ഔദ്യോഗിക ഉദ്ഘാടനം നടത്തിയതല്ലാതെ പ്രവർത്തനം ആരംഭിച്ചില്ലെന്ന് മാത്രം.
വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ഇപ്പോൾ പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്. അഞ്ചുലക്ഷം രൂപ ചെലവഴിച്ച ആദ്യഘട്ട നവീകരണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചത്. രണ്ടാം ഘട്ടമായി ശുചിമുറി സൗകര്യം, മൂന്നാം ഘട്ടമായി ടെർമിനൽ ഭാഗത്തെ പോള നീക്കൽ എന്നിവയാണ് നടത്തുക.
ആദ്യഘട്ട പദ്ധതിയിൽ കവാടം നിർമാണം, ടെർമിനൽ ഭാഗത്ത് ഇരിപ്പിടം നിർമാണം എന്നിവയാണ് നടക്കുന്നത്. ടൂറിസം വകുപ്പ് പണിത ടെർമിനൽ പഞ്ചായത്തിന് കൈമാറിയിരുന്നു. ടെർമിനലിന്റെ നവീകരണത്തിന് കേന്ദ്ര സർക്കാറിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. 3.8 കോടി രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതിയാണ് ഇത്രയും വർഷമായി ആർക്കും പ്രയോജനമില്ലാതെ കിടക്കുന്നത്.
40 ഹൗസ് ബോട്ടുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണ് ടെർമിനൽ നിർമിച്ചത്. ഇവിടെ നിന്ന് വിനോദസഞ്ചാരികളെ കായൽ യാത്രക്കായി കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതുവരെ ഒരു ഹൗസ് ബോട്ടുപോലും ഇവിടെ അടുത്തിട്ടില്ല എന്നതാണ് സത്യം.
കായലോരമായ ഇവിടെ വിനോദസഞ്ചാരികൾക്കായി മറ്റു പദ്ധതികളും ആവിഷ്കരിക്കാൻ സാധിക്കും. കായൽ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാൻ പറ്റിയ സ്ഥലം എന്ന നിലയിലും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണിത്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഏറെ നിർണായകമായ സ്വാധീനമുള്ള സ്ഥലമാണ് കുമരകം. അതിനാൽ ഈ ടെർമിനൽ യാഥാർഥ്യമായാൽ കൂടുതൽ വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കാൻ സാധിക്കും. അതിനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരും ടൂറിസം മേഖലയിലുള്ളവരും ആവശ്യപ്പെടുന്നത്. ഇനിയെങ്കിലും വൈകാതെ ടെർമിനലിന്റെ പ്രവർത്തനം യാഥാർഥ്യമാകണമെന്നാണ് അവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

