ജില്ലയിൽ കായിക താരങ്ങൾക്ക് പരിശീലനത്തിനുപോലും ഇടമില്ല; കായിക മന്ത്രിയെ കാത്ത് നെഹ്റു സ്റ്റേഡിയം
text_fieldsനാഗമ്പടം നെഹ്റു സ്റ്റേഡിയം
കോട്ടയം: കായിക മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലയിലെത്തുമ്പോൾ കായികപ്രേമികളും താരങ്ങളും ഏറെ പ്രതീക്ഷയിലാണ്. കാലങ്ങളായി തകർന്ന് നാശോന്മുഖമായി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ വീണ്ടെടുപ്പാണ് താരങ്ങൾ കാത്തിരിക്കുന്നത്. മൈതാനം വെള്ളവും ചളിയും പുല്ലുനിറഞ്ഞുകിടക്കുന്നു. പ്രഭാത-സായാഹ്ന സവാരിക്കിറങ്ങുന്നവർ ഗാലറിക്ക് മുകളിലൂടെ ജീവൻ പണയംവെച്ചാണ് നടക്കുന്നത്. എപ്പോൾ തകർന്നുവീഴുമെന്നറിയില്ല.
ഗാലറിക്കടിയിലെ കടകളിലും ജീവനക്കാരുണ്ട്. താഴ്ചയിലായതിനാൽ ഒരു മഴ പെയ്താൽപോലും സ്റ്റേഡിയം വെള്ളത്തിലാകും. നാലുചുറ്റും ഉയർന്ന ഭാഗമായതിനാൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. വാഹനങ്ങൾ കയറിയാൽ ചളി നിറഞ്ഞ് ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയാകും. പൊതുപരിപാടികൾ വരുമ്പോൾ പുല്ലുവെട്ടുക മാത്രമാണ് നഗരസഭ സ്റ്റേഡിയത്തിൽ ആകെ ചെയ്യുന്നത്. മഴക്കാലത്ത് നീന്തൽക്കുളംപോലെ വെള്ളം നിറഞ്ഞുകിടക്കും.
നാടൊട്ടുക്കും പുതിയ സ്റ്റേഡിയങ്ങളും ടർഫുകളും വരുമ്പോൾ, സ്പോർട്സ് ആവണം ലഹരി എന്നൊക്കെ അധികൃതർ പറയുമ്പോൾ തങ്ങൾക്കിതൊന്നും ബാധകമല്ലേ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് നഗരത്തിലുള്ളവർ. ജില്ലയിൽ കായിക താരങ്ങൾക്ക് പരിശീലനത്തിനുപോലും ഇടമില്ല. പാലായിലെ സിന്തറ്റിക് സ്റ്റേഡിയമാണ് ആകെയുള്ളത്. അതുകൊണ്ടുതന്നെ പ്രധാന മത്സരങ്ങളെല്ലാം നടക്കുന്നത് പാലാ കേന്ദ്രീകരിച്ചാണ്. നഗരത്തിലെ സ്റ്റേഡിയം നന്നാക്കിയാൽ കായികതാരങ്ങൾക്ക് ഇവിടെ പരിശീലനം നടത്താനാവും. ഒരു കാലത്ത് ഒട്ടേറെ സുപ്രധാന മത്സരങ്ങള്‍ക്കു വേദിയായിരുന്നു സ്റ്റേഡിയം. ഇന്ന് മത്സരം പോയിട്ട് പരിശീലനം പോലും നടത്താനാകുന്നില്ല. തങ്ങൾക്ക് കളിക്കാനിടം തരാൻ മന്ത്രി ഇടപെടണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.
നഗരസഭക്ക് താൽപര്യമില്ല
ഏപ്രിലിൽ മുഖ്യമന്ത്രി പങ്കെടുത്ത മുഖാമുഖത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ സ്റ്റേഡിയത്തിന്റെ അവസ്ഥ ഉന്നയിച്ചിരുന്നു. സ്റ്റേഡിയം നവീകരിക്കൽ നീളുന്നത് നഗരസഭയുടെ നിലപാട് കൊണ്ടാണെന്നാണ് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞത്. സ്റ്റേഡിയം നവീകരിക്കലിനായി കായിക വകുപ്പ് പ്രൊപ്പോസലുകൾ തയാറാക്കുകയും പലവട്ടം നഗരസഭ അധികൃതരുമായി ചർച്ചചെയ്യുകയും ചെയ്തതാണ്. എന്നാൽ, നഗരസഭയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ലഭിക്കാത്തതാണ് നവീകരണം വൈകുന്നതിനുള്ള പ്രധാന കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്റ്റേഡിയം സംസ്ഥാന സർക്കാറിന്റെ പൂർണ ഉടമസ്ഥതയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ളതാക്കി മാറ്റുകയും നടത്തിപ്പ് ചുമതല സ്പോർട്സ് കൗൺസിലിനെ ഏൽപിക്കുകയും ചെയ്യണമെന്നായിരുന്നു ബൈജു വർഗീസ് ഗുരുക്കൾ ആവശ്യപ്പെട്ടത്.
ഇതാണ് കായിക മേഖലയുടെ അവസ്ഥ
പാലാ സ്റ്റേഡിയത്തിലെ ട്രാക്കുകൾ തകർന്നുകിടക്കുകയാണ്. നവീകരണത്തിന് ഏഴുകോടി അനുവദിച്ചിട്ടുണ്ട്. പണി ഉടൻ തുടങ്ങിയേക്കും. ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് നിര്‍മിച്ചതാണ് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം.
മേൽക്കൂര ചോർന്നൊലിക്കുന്നതായും തറ പൊട്ടിപ്പൊളിഞ്ഞ് കളിക്കിടെ വീഴുന്നതായും കായിക താരങ്ങൾ പരാതിപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. വാഹനങ്ങളുടെ പേ ആൻഡ് പാര്‍ക്കിങ്ങും വാടകക്കു നല്‍കലും മാത്രമാണ് ഇവിടെ കൃത്യമായി നടക്കുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കായിക മന്ത്രിയായിരിക്കെ, ചിങ്ങവനം ടെസില്‍ വളപ്പില്‍ ആരംഭിച്ച കായിക കോളജും എങ്ങുമെത്തിയിട്ടില്ല. അയ്മനം പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക താരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ കുന്നുംഭാഗം സ്പോർട്സ് കൂളിന്റെ ഭാഗമായി പുതിയ മൈതാനം നിർമിക്കാൻ പദ്ധതിയുണ്ട്.
സ്പോർട്സ് കൗൺസിലിനെ ഏൽപിക്കണം
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് വിട്ടുകിട്ടിയാൽ മാത്രമേ സ്പോർട്സ് കൗൺസിലിന് നവീകരണത്തിൽ ഇടപെടാനാവൂ. നഗരസഭയുടെ കൈവശമിരിക്കുന്ന സ്റ്റേഡിയത്തിൽ ഒന്നും ചെയ്യാനാവില്ല. സ്റ്റേഡിയത്തിന്റെ അവസ്ഥ പലതവണ സർക്കാറിനെയും നഗരസഭയെയും അറിയിച്ചിരുന്നതാണ്. സ്റ്റേഡിയം മണ്ണിട്ടുയർത്തണം, വെള്ളം ഒഴുകിപ്പോകാൻ സംവിധാനം വേണം, പാർക്കിങ് സ്ഥലം ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടതാണ്. ഇക്കാര്യങ്ങൾ കായിക മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.
ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ കായിക മേഖലയിലെ പ്രമുഖരുമായി അദ്ദേഹം ചർച്ച നടത്തുന്നുണ്ട്. മന്ത്രിയുടെ സന്ദർശനത്തോടെ സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ -എൽ. മായാദേവി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

