അറ്റകുറ്റപ്പണികൾ കഴിഞ്ഞില്ല; നാഗമ്പടം ബസ് സ്റ്റാൻഡിലെ ശുചിമുറി ഉടൻ തുറക്കില്ല
text_fieldsനാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടിക്കിടക്കുന്നു
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഉടൻ തുറക്കാൻ വഴിയില്ല. നിലവിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനാൽ കൂടുതൽ ശേഷിയുള്ള പുതിയ സെപ്റ്റിക് ടാങ്കും സോക്പിറ്റും (മലിനജലത്തെ ഫലപ്രദമായി സംസ്ക്കരിക്കാന്) പണിയണം. നഗരസഭയിൽ പുതിയ അസി. എക്സിക്യുട്ടീവ് എൻജിനീയർ ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ചെയർപേഴ്സന് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകിടക്കുകയാണ്.
ടാങ്ക് വൃത്തിയാക്കിയെങ്കിലും മഴ പെയ്യുന്നതോടെ വീണ്ടും മലിനജലം പുറത്തെത്തും. ഇതിന് പരിഹാരമായി പുതിയ സെപ്റ്റിക് ടാങ്ക് പണിയണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനുള്ള സ്ഥലസൗകര്യമില്ലെന്നതാണ് പ്രശ്നം. മലിനജലം പുറത്തേക്കൊഴുകുന്നതിനാൽ നിലവിൽ കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ബദൽ സംവിധാനം എന്ന നിലക്ക് നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്ലറ്റും എതിർവശത്തെ ‘കൂട്ടുകാരി’യും തുറന്നുകൊടുക്കാൻ നടപടി സ്വീകരിച്ചതായി ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
രണ്ടുമാസത്തിലേറെയായി നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. സ്റ്റാൻഡിലെത്തുന്ന സ്ത്രീകളടക്കം യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സംവിധാനമില്ല. സ്റ്റാൻഡിലെ വ്യാപാരികളും കടകളിലെ വനിതകളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഒന്നാംനിലയിലുള്ള കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാനാണ് ആലോചന. ഇവിടെ പുരുഷൻമാർക്കും വനിതകൾക്കുമായി പ്രത്യേകം തിരിക്കണം. ഇതിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. എതിർവശത്ത് വനിതവിശ്രമ കേന്ദ്രത്തിലെ ടോയ്ലറ്റിൽ വെള്ളമില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്.
ഇ- ടാപ്പ് വഴി (വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് ആപ്ലിക്കേഷനാണ് ഇ-ടാപ്പ്) കണക്ഷൻ നൽകാൻ അപേക്ഷ കൊടുത്ത് വാട്ടർ അതോറിറ്റിയിൽ പണമടച്ചിട്ടുണ്ട്. ഇവിടത്തെ വാഷ്ബേസിനും പൈപ്പുകളും അടക്കം സാമൂഹികവിരുദ്ധർ കടത്തി. ഇവ പുനഃസ്ഥാപിക്കുന്നതിനും എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇവ രണ്ടും ഉടൻ തുറന്നുകൊടുക്കാനാകുമെന്നാണ് കരുതുന്നതെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

