തുരുമ്പെടുത്ത് മൈലപ്പള്ളിക്കടവ് തൂക്കുപാലം
text_fieldsമൈലപ്പള്ളിക്കടവിലെ തൂക്കുപാലം
കോട്ടയം: സംക്രാന്തി - പേരൂർ റൂട്ടിൽ കിണറ്റിൻമൂട്ടിൽ സ്ഥിതിചെയ്യുന്ന മൈലപ്പള്ളിക്കടവ് തൂക്കുപാലം തുരുമ്പെടുത്ത് ശോച്യാവസ്ഥയിൽ. വിജയപുരം പഞ്ചായത്തിന്റെ മൂന്നാം വാർഡിലും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയുടെ 18-ാം വാർഡിലുമായാണ് പാലം സ്ഥിതിചെയ്യുന്നത്. ദൃശ്യഭംഗി മനം കവരുമെങ്കിലും അപകടകേന്ദ്രമാണിവിടം. 25 അടിയോളം താഴ്ച്ചയുണ്ട് ആറിന്. കടുത്തവേനലിലും ജലനിരപ്പ് കാര്യമായി താഴാറില്ല.
സഞ്ചാരികളുടെയും ഫോട്ടോഷൂട്ടുകാരുടെയും പ്രധാനകേന്ദ്രമാണിവിടം. അവധിദിനങ്ങളിലും സായാഹ്നങ്ങളിലും സന്ദർശകരുടെ വലിയതിരക്കും ഉണ്ടാകാറുണ്ട്. ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്തുകേന്ദ്രമായിരുന്നു നേരത്തെ. പാലം വന്നതോടെ കടത്ത് നിലച്ചു.
മീൻ പിടിക്കാനും വലവീശുന്നതിനുമായി നിരവധി പേരാണ് എത്തുന്നത്. അപകടം അറിയാതെ വെള്ളത്തിൽ ഇറങ്ങി നിരവധി മുങ്ങിമരണങ്ങളും ഉണ്ടായിട്ടുണ്ട്. അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരുകോടി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനായിരുന്നു (കെൽ)നിർമാണച്ചുമതല. 2012ൽ മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും പാലത്തിന്റെ നവീകരണപ്രവർത്തനം അനിശ്ചിതാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

