യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒരാൾ അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പൂത്തൂക്കരി വീട്ടിൽ ശ്രീക്കുട്ടൻ ഗോപിയെയാണ് (29) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സുഹൃത്തുക്കളുമായി വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തികൊണ്ട് ഇവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസെടുക്കുകയും ശ്രീക്കുട്ടനെ പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, എസ്.കെ. സജിമോൻ, എ.എസ്.ഐ ബാബു, സി.പി.ഒമാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ, സജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.