നഗരസഭ ഷോപ്പിങ് കോംപ്ലക്സ് വാടകക്കുടിശ്ശിക 4.21 കോടി; നോട്ടീസ് നൽകി നഗരസഭ
text_fieldsകോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ലക്സിലെ വാടകക്കുടിശ്ശിക 4.21 കോടി രൂപ. 15 ദിവസത്തിനകം കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി. 1995 മുതലുള്ള തുകയാണിത്. കെട്ടിടത്തിന്റെ നിലവിലെ വിസ്തീർണം അനുസരിച്ച് ഉദ്യോഗസ്ഥർ വാടക പുതുക്കാതിരുന്നതാണ് ക്രമക്കേടിന് കാരണം.
വിജിലൻസ് വിഭാഗത്തിന്റെ നിർദേശം അനുസരിച്ച് നഗരസഭ എൻജിനീയറിങ് വിഭാഗവും റവന്യു വിഭാഗവും കഴിഞ്ഞ സെപ്തംബർ 29ന് സ്ഥലപരിശോധന നടത്തിയപ്പോഴാണ് വാടകയിലെ വ്യത്യാസം കണ്ടെത്തിയത്. ഷോപ്പിങ് കോംപ്ലക്സിലെ 12 കടമുറികളും രണ്ട് ഹാളുമാണ് വാടകക്കാരന്റെ കൈവശമുള്ളത്. കെട്ടിടത്തിലെ കടമുറികൾ ഒന്നിച്ച് വാടകക്കെടുക്കുകയും പിന്നീട് മുറികൾ ഒറ്റ ഹാളാക്കി മാറ്റുകയും ചെയ്തപ്പോൾ വിസ്തീർണത്തിൽ വ്യത്യാസം വന്നു. ഇത് കാലാകാലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയോ വാടക നിശ്ചയിക്കുകയോ ചെയ്തില്ല. പഴയ കടമുറികളുടെ വാടക മാത്രം ഈടാക്കിപ്പോന്നു. നിലവിൽ കെട്ടിടത്തിന്റെ മാത്രം വിസ്തീർണം 1433.25 ചതുരശ്ര മീറ്ററാണ്. എന്നാൽ വാടക അടക്കുന്നത് പഴയ കടമുറികളുടെ വിസ്തീർണം കണക്കാക്കിയും.
പുതിയ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ 3.51 കോടി രൂപയാണ് അടക്കേണ്ടത്. ജി.എസ്.ടി, പലിശ എന്നിവ സഹിതം 4,21,62,757 രൂപ അടക്കണം. കെട്ടിടത്തിന്റെ കരാർ കാലാവധി 2024 മാർച്ചിൽ അവസാനിച്ചതാണ്. കുടിശ്ശിക അടച്ച് കരാർ പുതുക്കണമെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.
106 കെട്ടിടങ്ങൾക്ക് നോട്ടീസ്
കോട്ടയം: വാടകകുടിശ്ശിക വരുത്തിയ 106 കെട്ടിടങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. 63 എണ്ണം പൂട്ടി തിരിച്ചെടുക്കാൻ നോട്ടീസ് നൽകി. ഏഴു കടമുറികൾ പൂട്ടി തിരിച്ചെടുത്തു. 1,28,86,502 രൂപയാണ് കുടിശ്ശിക. സർക്കാർ സ്ഥാപനങ്ങൾ അടക്കം കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതിൽ 6160280 രൂപ പിരിച്ചെടുത്തു. ബാക്കി 6726222 രൂപ കിട്ടാനുണ്ട്. ഡിസംബർ ഒന്നുമുതൽ ജനുവരി 21 വരെ 2272461 രൂപ പിരിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

