കൂട്ടിക്കല്‍ വിസ തട്ടിപ്പ്; ഓര്‍ക്കിഡ് കണ്‍സൽട്ടന്‍സി ഉടമ പിടിയില്‍
text_fieldsഅറസ്റ്റിലായ അനീഷ് ഉമ്മറിനെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
മുണ്ടക്കയം: വിദേശ വിസ വാഗ്ദാനം ചെയ്ത് കൂട്ടിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഓര്‍ക്കിഡ് കണ്‍സൽട്ടന്‍സി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പൊലീസ് വലയിലായി. സ്ഥാപന ഉടമ പാലക്കുന്നേല്‍ അനീഷ് ഉമ്മറിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ അനീഷ്, കോഴിക്കോട് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം സി.ഐ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസയും ഉയര്‍ന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്ത് അഞ്ച് മുതല്‍ 20 ലക്ഷം രൂപ വരെയാണ് ആളുകളില്‍നിന്ന് പ്രതി കൈപ്പറ്റിയിരുന്നത്. പണം നല്കി നാളുകള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെയാണ് വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിസ വ്യാപാരത്തിന് ആവശ്യമായ ലൈസൻസില്ലാതെയാണ് ഓര്‍ക്കിഡ് കണ്‍സൽട്ടന്‍സിയും പാലക്കുന്നേല്‍ പ്രൈവറ്റ് ലിമിറ്റഡും പ്രതി നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മുണ്ടക്കയം സ്റ്റേഷനില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധ സ്റ്റേഷനുകളിലായി 17ലധികം കേസുകളുള്ളതായും കൂട്ടുപ്രതികളെ തുടരന്വേഷണത്തില്‍ മാത്രമേ വ്യക്തമാവൂവെന്നും സി.ഐ അറിയിച്ചു. കൂടുതൽ തെളിവ് ശേഖരിക്കാനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
എസ്.ഐ എസ്. സുനില്‍, സി.പി.ഒമാരായ അരുണ്‍ എസ്. നായര്‍, അജിത് കുമാര്‍, എസ്.സി.പി.ഒ ഡ്രൈവര്‍ ബിബിന്‍ കരുണാകരന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. അനീഷ് പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേരാണ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
എഫ്.ഐ.ആര് ഇടാതെ പെരുവന്താനം പൊലീസ്
വിവിധ ജില്ലകളിലായി നൂറോളം പേരെ വിസ വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത അനീഷിനെ മുണ്ടക്കയം പൊലീസ് പിടികൂടിയതോടെ മറ്റ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളിലും അന്വേഷണം നടത്താനൊരുങ്ങുകയാണ്. പല സ്റ്റേഷനുകളിലും പരാതി വാങ്ങിവച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പ്രതി റിമാൻഡിലായിട്ടും കേസെടുക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തട്ടിപ്പിന് കൂട്ടുനിന്നവര്‍ മാന്യന്മാരായി വിലസുന്നു
വിസ തട്ടിപ്പിലെ മുഖ്യപ്രതി അനീഷ് ഉമ്മറിനൊപ്പം കൂട്ടുചേര്‍ന്നവര്‍ നാട്ടില്‍ മാന്യന്മാരായി വിലസുകയാണ്. അനീഷിന്റെ തട്ടിപ്പ് കമ്പനിയുടെ പാര്‍ട്ണറും മാനേജരുമായ സുധീഷ് സുരേന്ദ്രന്, ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച വനിത അടക്കമുള്ളവര്‍ ഇവരിൽപെടുന്നു. പണം വാങ്ങിയിരുന്നത് ഇവർ കൂടി പങ്കാളിയായ ബാങ്ക് അക്കൗണ്ടിലേക്കാണ്.
പണം നഷ്ടപ്പെട്ടവര്‍ വഴിയാധാരമാവും?
പ്രതി പൊലീസ് പിടിയിലായെങ്കിലും പണം നഷ്ടപ്പെട്ടവര്‍ക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. നാല് മുതല്‍ 15 ലക്ഷം വരെ വാങ്ങിയെടുത്ത അനീഷില്‍ നിന്നും പണം എങ്ങനെ തിരിച്ചു പിടിക്കും എന്നാണ് പരാതിക്കാരുടെ ആലോചന. വ്യാജ രേഖകളും പണമില്ലാത്ത ചെക്ക് ലീഫുകളും മാത്രമാണ് പാവങ്ങളുടെ കൈയിലുളളത്. ചെക്ക് കേസ് കൊടുത്താലും പണം എങ്ങനെ വാങ്ങിയെടുക്കുമെന്നതാണ് ഇവരുടെ പ്രശ്നം.
പൊലീസ് ഉദ്യോഗസ്ഥരും ഭീതിയിൽ
അനീഷ് ഉമ്മറിന്റെ തട്ടിപ്പിന് കൂട്ടുചേർന്ന് ആഘോഷങ്ങളിൽ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥരും ഭീതിയിലാണ്. മിക്ക പരിപാടികളിലും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ നിരവധി പേർ ഉണ്ടായിരുന്നു. സിവിൽ പൊലീസ് ഓഫിസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫിസർ വരെ നിത്യസന്ദർശകരായ സ്ഥാപനത്തിൽ തട്ടിപ്പു നടക്കില്ലെന്ന വിശ്വാസത്തിലാണ് പലരും പണം നൽകിയത്. സ്റ്റേഷനിലെ പല ആവശ്യങ്ങൾക്കും അനീഷ് പണം മുടക്കിയെന്നും ആരോപണമുണ്ട്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വിസ വ്യാപാരം നടത്തിയതും മുണ്ടക്കയം പൊലീസിന്റെ ധൈര്യത്തിലായിരുന്നു.
രൂപഭാവം മാറ്റി ഒളിവുജീവിതം
മുണ്ടക്കയം: വിസ കച്ചവടത്തിന് ആവശ്യമായ ലൈസന്റ് ഇല്ലാതെയാണ് പ്രതി അനീഷ് ഉമ്മർ കൂട്ടിക്കല്‍ ആസ്ഥാനമായി ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സിയും പാലക്കുന്നേല്‍ പ്രൈവറ്റ് ലിമിറ്റഡും നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. വിവിധ സ്റ്റേഷനുകളിലായി 17ലധികം കേസുകളുള്ളതായും കൂട്ടുപ്രതികളെ തുടന്വേഷണത്തില് മാത്രമേ വ്യക്തമാക്കൂവെന്നും മുണ്ടക്കയം സി.ഐ. ജെ.എസ്. സജീവ് കുമാർ അറിയിച്ചു.
എസ്.ഐ എസ്. സുനില്‍, സി.പി.ഒമാരായ അരുണ്‍ എസ്. നായര്‍, അജിത് കുമാര്‍, എസ്.സി.പി.ഒ ഡ്രൈവര്‍ ബിബിന്‍ കരുണാകരന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അനീഷ് പിടിയിലായതോടെ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
പെട്ടന്നാരും തിരിച്ചറിയാതിരിക്കാന്‍ മീശ വടിച്ച് രൂപഭാവം മാറ്റിയായിരുന്നു പ്രതി അനീഷ് ഉമ്മറിന്റെ ഒളിവു ജീവിതം. വെട്ടിയൊതുക്കിയ മീശയും ക്ലീന്‍ ഷേവുമായി നടന്നിരുന്ന അനീഷ് കോഴിക്കോട് ഒളിവുജീവിതം നയിക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മീശ പൂര്‍ണമായി മാറ്റി ക്ലീന്ഷേവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

