റബറിന്റെ നാട്ടിൽ ജയം എങ്ങോട്ടും വലിയാം
text_fieldsമുണ്ടക്കയം: ഇടത്തോട്ടും വലത്തോട്ടും ചായുന്ന ചരിത്രമുള്ള പൂഞ്ഞാറിൽ ഇക്കുറിയും വാശിയേറിയ പോരാട്ടത്തിനാണു കളമൊരുങ്ങുന്നു. 1957ൽ രൂപം കൊണ്ട പൂഞ്ഞാർ നിയമസഭ മണ്ഡലം കേരള കോൺഗ്രസ് മണ്ഡലമായാണ് അറിയപ്പെട്ടിരുന്നത്.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി പടർന്നു കിടക്കുന്ന മണ്ഡലത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് സിറ്റിങ്ങ് എം.എൽ.എ.
പി.സി. ജോർജിന്റെ തട്ടകം
ഇരുമുന്നണികളിലായും എവിടെയും ചേരാതെയും മൂന്നു പതിറ്റാണ്ടോളം മണ്ഡലത്തെ നയിച്ചത് പി.സി. ജോർജാണ്. ജോർജ് അടക്കിവാണ മണ്ഡലം 2021ൽ സെബാസ്റ്റ്യൻ കുളത്തിങ്കലിലൂടെ ഇടതു മുന്നണി കൈപ്പിടിയിലാക്കി. എൽ.ഡി.എഫ് 16000ൽ അധികം ഭൂരിപക്ഷം നേടിയപ്പോൾ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ൽ പി.സി. ജോർജ് ജനപക്ഷമെന്ന സ്വന്തം പാർട്ടി ലേബലിൽ മത്സരിച്ചു ചരിത്ര ജയം നേടിയിരുന്നു. ഇടതു വലതു മുന്നണികളെ പിന്തള്ളിയായിരുന്നു ജയം. അന്നു സി.പി.എമ്മാണു മൂന്നാമതായത്.
പൂഞ്ഞാറിന്റെ ജനപ്രതിനിധികൾ
ടി.എ. തൊമ്മൻ: കോൺഗ്രസ്-1957,60
കെ.എം. ജോർജ്: കേരള കോൺഗ്രസ്-1967, 70
വി.ജെ. ജോസഫ്: കേരള കോൺഗ്രസ്-1977
പി.സി. ജോർജ്: കേരള കോൺഗ്രസ്-1980, 82
എൻ.എം. ജോസഫ്: ജനതാദൾ-1987
ജോയി എബ്രഹാം: കേരള കോൺഗ്രസ്-1991
പി.സി. ജോർജ്: കേരള കോൺഗ്രസ്-1996, 01, 06, 11, 16 (ജനപക്ഷം)
സെബാസ്റ്റ്യൻ കുളത്തിങ്കൽ: കേരള കോൺഗ്രസ്-2021
മണ്ഡല ഘടന
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭ മണ്ഡലം
മുണ്ടക്കയം, കൂട്ടിക്കൽ, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും യു.ഡി.എഫാണ് ഭരണത്തിൽ. എരുമേലിയിൽ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും സംവരണ സീറ്റിൽ ആളിലാത്തതിനാൽ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനം നേടി. പാറത്തോട്, കോരുത്തോട്, തീക്കോയി പഞ്ചായത്തുകൾ എൽ.ഡി.എഫും പൂഞ്ഞാർ തെക്കേക്കര എൻ.ഡി.എയും ഭരിക്കുന്നു.
ജില്ല പഞ്ചായത്തിൽ മണ്ഡല പരിധിയിലെ നാലു ഡിവിഷനും യു.ഡി.എഫിനാണ്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം.
നേട്ടങ്ങൾ
10 പഞ്ചായത്തുകളിലായി 1250 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
മുണ്ടക്കയം-വാഗമൺ റോഡ്
നിർമാണം
പമ്പാവാലി എയ്ഞ്ചൽ വാലി പട്ടയം
ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവിൽ സ്റ്റേഷൻ
15 പ്രധാന റോഡുകൾ ബി.എം, ബി.സി നിലവാരത്തിൽ
14 സ്കൂൾ കെട്ടിടങ്ങൾ
മുണ്ടക്കയം സബ്ട്രഷറി കെട്ടിടം
ആറു വില്ലേജുകൾക്ക് പുതിയ കെട്ടിടം
മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കെട്ടിടം
എരുമേലി വിമാനത്താവളം
സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ
കോട്ടങ്ങൾ
1250 കോടിയുടെ കുടിവെള്ള പദ്ധതി വാഗ്ദാനത്തിൽ ഒരുങ്ങി
ആദ്യ ബജറ്റിലെ പ്രഖ്യാപനമായ മുക്കൂട്ടുതറ പഞ്ചായത്ത് രൂപവത്കരണം വെറുതെയായി
ഈരാറ്റുപേട്ട ട്രാഫിക് പൊലീസ് സ്റ്റേഷൻ വെറും വാക്കായി.
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥലം ആഭ്യന്തര വകുപ്പിൽനിന്ന് വാങ്ങാൻ പോലും കഴിയാതെ ഉദ്ഘാടന മാമാങ്കം
ശബരി റെയിൽ പാതക്ക് പാതി പണം നൽകാൻ 2014ൽ ഉമ്മൻ ചാണ്ടി പറഞ്ഞത് ഇടതു സർക്കാർ തള്ളി. ഇപ്പോൾ 2026ൽ പ്രഖ്യാപനം.
മുണ്ടക്കയം, എരുമേലി അഗ്നിരക്ഷാ സേന ഓഫിസ് കടലാസിൽ ഒരുങ്ങി.
എരുമേലി വിമാനത്താവളത്തിന് നടപടിയായില്ല.
പ്രകാശ് പുളിക്കൻ, ഡി.സി.സി ജനറൽ സെക്രട്ടറി
സ്ഥാനാർഥി സാധ്യത
കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ തന്നെയായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിൽ കോൺഗ്രസിനാണ് സീറ്റെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് ടോമി കല്ലാനിയോ ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കനോ മത്സരിച്ചേക്കും. സീറ്റ് കേരള കോൺഗ്രസിനാണങ്കിൽ സോണി പുരയിടത്തിൽ, സാബു പ്ലാത്തോട്ടം എന്നിവരെ പരിഗണിക്കും. ബി.ജെ.പിക്കായി പി.സി. ജോർജ് മത്സരിക്കാൻ സന്നദ്ധത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
2021 വോട്ടുനില
സെബാസ്റ്റ്യൻ കുളത്തിങ്കൽ (എൽ.ഡി.എഫ്)-58,668
പി.സി. ജോർജ് (ജനപക്ഷം)-41,851
ടോമി കല്ലാനി (യു.ഡി.എഫ്)-34,633
എം.പി. സെൻ (എൻ.ഡി.എ)-2,965
ആൻസി ജോർജ് (ബി.എസ്.പി)-596
ഭൂരിപക്ഷം-16581
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

