കെണിയിൽ കുടുങ്ങിയ പുലിയെ തേക്കടി വനത്തിൽ തുറന്നുവിട്ടു; മുണ്ടക്കയംകാർക്ക് ഇനി സമാധാനമായി അന്തിയുറങ്ങാം
text_fieldsപുലിയെ തേക്കടി വനത്തിൽ തുറന്നുവിട്ടപ്പോൾ
മുണ്ടക്കയം: മുണ്ടക്കയം, എരുമേലി, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ ഭീതിവിതച്ച പുലിശല്യത്തിന് പരിഹാരമായി.ചിറക്കൽ സുധന്റെ വീടിനോട് ചേർന്ന് വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങിയ പുലിയെ തേക്കടി വനത്തിൽ തുറന്നുവിട്ടു.
വലയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി ഇവിടെനിന്നും മാറ്റുകയായിരുന്നു. പിന്നീട് രാത്രിതന്നെ പെരിയാർ ടൈഗർ റിസർവ് വനത്തിന്റെ ഭാഗമായ തേക്കടിയിലെത്തിച്ച് ഉൾവനത്തിൽ തുറന്നു വിടുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് പന്തിരിവേലിയിൽ സെബിന്റെ വീടിനോട് ചേർന്ന് കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പുലി കടിച്ചുകൊന്നത്. പിന്നീട് ചിറക്കൽ സുധന്റെ ആടിനെയും പുലിപിടിച്ചു. ഇതോടെയാണ് പുലിയെ പിടിക്കാൻ വനംവകുപ്പ് രംഗത്തെത്തിയത്. പുലി പിടിയിലായത്തോടെ മേഖലയിലെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്. വനാതിർത്തി മേഖലയിൽ കാട്ടാനശല്യത്തിന് ഒരു പരിഹാരവുമില്ല.
കഴിഞ്ഞ രണ്ട് മാസമായി മേഖലയിൽ ആനക്കൂട്ടം തമ്പടിച്ച് കൃഷിനശിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലാണ് ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.

