കലുങ്കിനു സമീപം റോഡ് ഇടിഞ്ഞത് അപകടക്കെണിയായി
text_fieldsഅപകട സാധ്യതയേറിയ ഭാഗം
മുണ്ടക്കയം: കോരുത്തോട് - കുഴിമാവ് റോഡിലെ കലുങ്കിനു സമീപം റോഡ് ഇടിഞ്ഞ് അപകട സാധ്യത. ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം നിലം പതിച്ചതോടെയാണ് കോരുത്തോടിനും കുഴിമാവിനും ഇടയിൽ അപകടസാധ്യത നിറഞ്ഞ വളവിൽ പുതിയ ‘കെണി’ രൂപപ്പെട്ടത്. റോഡിൽ നിന്നും അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച് കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നു.
കഴിഞ്ഞ ശബരിമല സീസണിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ടയറുകൾ കുഴിയിലേക്ക് പതിച്ചിരുന്നു. കാർ നിയന്ത്രണം വിട്ട് കലുങ്കിന്റെ സംരക്ഷണഭിത്തിയും ഇടിച്ചു കളഞ്ഞു. എല്ലാ മലയാള മാസവും ഒന്നാം തീയതിയോട് അനുബന്ധിച്ച ദിവസങ്ങളിൽ ഈ റോഡിൽ ശബരിമല തീർഥാടകരുടെ തിരക്കേറെയാണ്. അതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകും മുമ്പേ കലുങ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

